ന്യൂഡൽഹി: തുടർച്ചയായി ഏഴാം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും സുപ്രധാന പ്രഖ്യാപനങ്ങളാൽ സമ്പന്നമാണ് ബജറ്റ് 2024-25. തലസ്ഥാന നഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ഉഴലുന്ന ആന്ധ്രാപ്രദേശിന് ആശ്വാസകരമാകുന്ന പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിൽ ധനമന്ത്രി ഉൾപ്പെടുത്തിയിരുന്നു.
തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി 15,000 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് വേണ്ടി ധനമന്ത്രി പ്രഖ്യാപിച്ചത്. ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെ രൂപപ്പെടുത്തുന്നതിന് വേണ്ടിയാണ് തുക വകയിരുത്തുന്നത്. തലസ്ഥാന നഗരമെന്ന ആന്ധ്രാ സർക്കാരിന്റെ ആവശ്യം അംഗീകരിക്കുന്നതായും മൾട്ടി-ലാറ്ററൽ വികസന ഏജൻസികൾ മുഖേന പിന്തുണ സുഗമമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശിനെ രണ്ടായി വിഭജിച്ച് തെലങ്കാനയെന്ന സംസ്ഥാനം രൂപീകരിച്ചതോടെ 2014-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമം അനുസരിച്ച് തുടർന്നുള്ള പത്ത് വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും പൊതു തലസ്ഥാനം ഹൈദരാബാദ് ആയിരുന്നു. ഒടുവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയതോടെയാണ് ആന്ധ്രയ്‌ക്ക് തലസ്ഥാനം രൂപീകരിക്കുന്നതിനുള്ള നടപടികൾക്ക് ഊർജം കൈവന്നത്. നടപ്പ് സാമ്പത്തിക വർഷം 15,000 കോടി കൈമാറുകയും വരും വർഷങ്ങളിൽ ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ഇനിയും നൽകുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഭക്ഷ്യസുരക്ഷ സുഗമമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ആന്ധ്രാപ്രദേശിലെ പോളവാരം ജലസേചന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ ധനസഹായം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശിന്റെയും അവിടുത്തെ കർഷകരുടെയും ജീവനാഡിയായ പോളവാരം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വെള്ളം, വൈദ്യുതി, റെയിൽവേ, റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ ഫണ്ട് നൽകും. കൂടാതെ വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴിക്കും ഹൈദരാബാദ് ചെന്നൈ ഇൻഡസ്ട്രിയൽ കോറിഡോർ പദ്ധതിക്കും മൂലധന നിക്ഷേപത്തിനായി അധിക വിഹിതം നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമപ്രകാരം സംസ്ഥാനത്തെ പിന്നാക്ക മേഖലയ്‌ക്ക് ഗ്രാന്റുകൾ ഉറപ്പാക്കും. ഉത്തര-തീരദേശ ആന്ധ്ര, പ്രകാശം, റായൽസീമ എന്നീ പിന്നാക്ക മേഖലകൾക്ക് സഹായം നൽകുമെന്നും ധനമന്ത്രി എടുത്തുപറഞ്ഞു.















