ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ 11-ാം നാളിലേക്ക്. കരയിൽ നിന്ന് 60 മീറ്റർ അകലെയായാണ് അർജുന്റെ ട്രക്കുള്ളതെന്നും ഇത് കണ്ടെത്താൻ ശ്രമം തുടരുമെന്നും അധികൃതർ അറിയിച്ചു. ഷിരൂർ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മുന്ന് ദിവസത്തേക്ക് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്നതാണ് രക്ഷാദൗത്യത്തിന് കാലതാമസം നേരിടാൻ കാരണമെന്നും ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. അടിയൊഴുക്ക് കുറയുന്നത് വരെ കാത്തിരിക്കണം. അനുകൂല സാഹചര്യം വന്നാൽ മുങ്ങൽ വിദഗ്ധർ പുഴയുടെ അടിത്തട്ടിൽ മുങ്ങി പരിശോധന നടത്തും.
ട്രക്ക് കണ്ടെത്തിയ സ്ഥാനത്ത് മനുഷ്യ സാന്നിധ്യമുണ്ടോയെന്നറിയാൻ ഇന്നലെ തെർമൽ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ മനുഷ്യ സാന്നിധ്യം വ്യക്തമായിട്ടില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി മുങ്ങൽ വിദഗ്ധർ പുഴയിലിറങ്ങി പരിശോധിക്കേണ്ടതുണ്ട്. അടിയൊഴുക്ക് കുറയുന്നതിനനുസരിച്ച് ദൗത്യം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തടയണകളും മറ്റും നിർമിച്ച് അടിയൊഴുക്ക് കുറയ്‌ക്കുന്നത് പ്രാവർത്തികമല്ല. നിലവിൽ ഗംഗാവലി പുഴ കലങ്ങിമറിഞ്ഞ് ഒഴുകുന്നതിനാൽ അടിത്തട്ടിലുള്ളതൊന്നും വ്യക്തമായി കാണാൻ സാധിക്കില്ല. പുഴ ശാന്തമായി ഒഴുകുന്നതിനും അനുകൂല കാലാവസ്ഥയ്‌ക്കായും കാത്തിരിക്കണമെന്നും അധികൃതർ അറിയിച്ചു.















