ഒരു കോടി ശിവലിംഗമുള്ള മഹാദേവക്ഷേത്രം. കേൾക്കുമ്പോൾ അത്ഭുതം അവിശ്വനീയമായി തോന്നുമെങ്കിലും സംഭവം സത്യമാണ്. കർണാടകയിലെ കോലാർ ജില്ലയിലെ കമ്മസാന്ദ്ര എന്ന സ്ഥലത്തെ കോടിലിംഗേശ്വര ക്ഷേത്രത്തിലാണ് ഈ അത്ഭുതമുള്ളത്. കോട്ടിയെന്നാൽ കന്നഡയിൽ കോടി എന്നർത്ഥം. ഇതിന് പുറമേ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ശിലലിംഗമുള്ളതും ഈ ക്ഷേത്രത്തിലാണ്. 108 അടി ഉയരത്തിലാണ് ക്ഷേത്രതിരുമുറ്റത്തെ ശിവലിംഗത്തിന്. 35 അടി ഉയരമുള്ള നന്ദി പ്രതിമയും ഇവിടുത്തെ പ്രധാന ആകർഷണമാണ്.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ കോടിലിംഗേശ്വരന്റെ പ്രതിമയിൽ മഹാദേവൻ ദർശനം നൽകുന്നു. പ്രധാന ക്ഷേത്രത്തിന് പുറമേ മറ്റ് 11 ക്ഷേത്രങ്ങളും ഇവിടെയുണ്ട്. വിഷ്ണു, ബ്രഹ്മാവ്, അന്നപൂർണേശ്വരി, രാമ-ലക്ഷ്മണൻ-സീത തുടങ്ങിയവരുടെ ഉൾപ്പടെ ക്ഷേത്രങ്ങളുണ്ട്. പ്രതിദിനം നൂറു കണക്കിന് ശിവലിംഗങ്ങളാണ് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. ഭക്തർക്ക് ഇഷ്ടമുള്ള വലിപ്പത്തിൽ ശിവലിംഗങ്ങൾ സമർപ്പിക്കാം. പേരുവിവരങ്ങൾ രേഖപ്പെടുത്തിയും അല്ലാതെയും ഭക്തർക്ക് മൂന്നടി വരം വലുപ്പമുള്ള ശിവലിംഗം സ്ഥാപിക്കാവുന്നതാണ്.
1980-ൽ സാംബമൂർത്തിയും പത്നിയും ചേർന്നാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. അഞ്ച് ശിവലിംഗങ്ങളായിരുന്നു ഇവിടെ ആദ്യമുണ്ടായിരുന്നത്. പിന്നീട് 101 ശിവലിംഗങ്ങളും തുടർന്ന് 1001 ശിവലിംഗങ്ങളും ഇവിടെ സ്ഥാപിച്ചു. ഇപ്പോഴും ഇത് തുടരുന്നു. 1994-ലാണ് 108 അടി ഉയരമുള്ള ശിവലിംഗം ഇവിടെ സ്ഥാപിക്കുന്നത്.















