ഗ്ലോബൽ NCAP-ൽ നിരാശാജനകമായ പ്രകടനം കാഴ്ച വെച്ച് മാരുതി എർട്ടിഗ. ഇന്ത്യയിൽ നിർമ്മിച്ച വാഹനം ദക്ഷിണാഫ്രിക്കൻ വിപണിയിൽ ഇറങ്ങുന്നതിനോട് അനുബന്ധിച്ച് ഗ്ലോബൽ എൻസിഎപിയുടെ ഇടി പരീക്ഷയിൽ പങ്കെടുത്ത് നേടിയത് വെറും 1 സ്റ്റാർ സുരക്ഷാ റേറ്റിംഗ്. 2019 ലാണ് ഇന്ത്യൻ വിപണിയിലെ മാരുതി എർട്ടിഗ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്തത്. അക്കാലത്ത് മുതിർന്നവരുടെ സുരക്ഷയ്‌ക്ക് 3 സ്റ്റാർ സുരക്ഷാ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്‌ക്ക് 3 സ്റ്റാറും നേടിയിരുന്നു.
എന്നാൽ 2024 ൽ, പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ, അതേ കാർ ക്രാഷ് ടെസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇത്തവണ ദക്ഷിണാഫ്രിക്കൻ വിപണിയിലാണത്. മുതിർന്നവരുടെ സുരക്ഷയ്‌ക്ക് 1 സ്റ്റാറും കുട്ടികളുടെ സുരക്ഷയ്‌ക്ക് 2 സ്റ്റാറുമാണ് വാഹനത്തിന് ലഭിച്ചത്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ എംപിവി യഥാക്രമം 34-ൽ 23.63 പോയിൻ്റും 49-ൽ 19.40 പോയിൻ്റും നേടി. കാറിന്റെ ബോഡി ഷെൽ അസ്ഥിരവും കൂടുതൽ ലോഡിംഗുകൾ നേരിടാൻ ശേഷിയില്ലാത്തതുമാണെന്ന് റേറ്റു ചെയ്‌തു.
ഡ്യുവൽ എയർബാഗുകൾ, സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ (ഡ്രൈവർ മാത്രം), ലോഡ് ലിമിറ്ററുകൾ, സീറ്റ്ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ് പോയിൻ്റുകൾ, ESC എന്നിവയുൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.