ഹോക്കി വേദിയിൽ സൂപ്പർമാനെ പോലെ പി ആർ ശ്രീജേഷ് അവതരിച്ചപ്പോൾ കയ്യടികളോടെ എതിരേറ്റത് ബ്രിട്ടീഷ് ആരാധകരാണ്. ടീമിന് എന്റെമേൽ വിശ്വാസമുണ്ട്, എനിക്കും. എതിരാളി ഗോൾ നേടിയപ്പോഴാണ് എന്റെ ആത്മവിശ്വാസം വർദ്ധിച്ചത്… ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ചതിന് പിന്നാലെ ഗോൾകീപ്പർ ശ്രീജേഷ് പറഞ്ഞതിങ്ങനെയാണ്.
പാരിസിൽ വിടവാങ്ങൽ ടൂർണമെന്റിനിറങ്ങുന്ന ശ്രീജേഷിന് വേണ്ടി സ്വർണം നേടണമെന്നാണ് നായകൻ ഹർമൻ പ്രീത് സിംഗും ഇന്ത്യൻ ടീമും ഒരുപോലെ പറഞ്ഞത്. അവർക്ക് വേണ്ടി ശ്രീജേഷാണ് ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ചു നടത്തിയത്. ”ഇന്ത്യയെ സെമിയിൽ എത്തിച്ചതിൽ സന്തോഷം. ഗാലറിയുണ്ടായിരുന്ന കാണികൾ പേരെടുത്ത് പ്രോത്സാഹിപ്പിച്ചതിൽ അഭിമാനമുണ്ട്. താൻ രക്ഷകനാവുമെന്ന് ഇന്ത്യൻ ടീം പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയെ ജയിപ്പിക്കാനാവുമെന്നതിൽ ഉറപ്പുണ്ടായിരുന്നു.”- അദ്ദേഹം പറഞ്ഞു. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് 10 പേരായി ചുരുങ്ങിയ ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയത്. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലും രക്ഷകനായി.
ബ്രിട്ടന്റെ ഫിൽ റോപ്പറുടെ ഷോട്ട് ശ്രീജേഷ് അവിശ്വസനീയമായി തടഞ്ഞിട്ടതോടെയാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യ സെമിയിലേക്ക് മാർച്ച് ചെയ്തത്. സച്ചിൻ ടെൻഡുൽക്കറിനും മേജർ ധ്യാൻചന്ദിനുമൊപ്പം ആദരവ് അർഹിക്കുന്ന താരമാണ് ശ്രീയെന്നും ഇന്ത്യൻ ഹോക്കിയിലെ ഗോട്ടാണെന്നും ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. പി ആർ ശ്രീജേഷ്, ദി ലജന്റ് ..ദി വാൾ, BULID A STATUE FOR PR SREEJESH. The Man, The Myth, The Legend.- എന്നിങ്ങനെയുള്ള കമന്റുകളും കാണാം.
ആദ്യ ക്വാർട്ടറിൽ ബ്രിട്ടന്റെ മൂന്ന് ശ്രമങ്ങളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. തുടർച്ചയായി നാല് പെനാൽറ്റി കോർണർ ലഭിച്ചിട്ടും ഇന്ത്യയ്‌ക്ക് ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കാൻ കഴിഞ്ഞില്ല. 17-ാം മിനിറ്റിൽ പ്രതിരോധ താരം അമിത് രോഹിദാസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെയാണ് ഇന്ത്യ 10 പേരായി ചുരുങ്ങിയത്. താരത്തിന്റെ ഹോക്കി സ്റ്റിക്ക് ബ്രിട്ടീഷ് താരത്തിന്റെ മുഖത്ത് തട്ടിയതിനായിരുന്നു ചുവപ്പുകാർഡ്.
Listen to the commentary, feel the emotion, He expresses the feelings of 1.4 billion Indians. 🇮🇳 #Hockey pic.twitter.com/xJgWvcoV6Z
— Prayag (@theprayagtiwari) August 4, 2024
“>
22-ാം മിനിറ്റിൽ ഹർമൻപ്രീതിലൂടെ ഇന്ത്യ മുന്നിൽ. പിന്നാലെ പ്രതിരോധം ശക്തിപ്പെടുത്താനായിരുന്നു ഇന്ത്യൻ ശ്രമം. പക്ഷേ 27-ാം മിനിറ്റിൽ ബ്രിട്ടൻ തിരിച്ചടിച്ചതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം. മൂന്നാം ക്വാർട്ടറിൽ ബ്രിട്ടീഷ് ആക്രമണങ്ങളെ പ്രതിരോധിക്കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. അവസാന ക്വാർട്ടറിൽ ബ്രിട്ടന്റെ ആക്രമണങ്ങളെ ഇന്ത്യൻ പ്രതിരോധം തടഞ്ഞു നിർത്തി.















