ന്യൂഡൽഹി: ബംഗാളിൽ ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെ വിമർശിച്ച് കോൺഗ്രസും. ബംഗാൾ കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരിയാണ് മമതയ്‌ക്കെതിരെ രംഗത്തെത്തിയത്.
സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം മോശമായി വരികയാണെന്ന് ആധിർ രഞ്ജൻ ചൗധരി തുറന്നടിച്ചു. സംസ്ഥാന സർക്കാരിന് വിഷയം കൈകാര്യം ചെയ്യാനായില്ലെന്നും പ്രതിയെ സഹായിക്കുന്ന സമീപനമാണ് സർക്കാർ കൈക്കൊളളുന്നതെന്നും ആധിർ രഞ്ജൻ ചൗധരി വിമർശിച്ചു.
സംസ്ഥാന സർക്കാരാണ് ഇതിൽ നടപടിയെടുക്കേണ്ടത്. എന്നാൽ പലപ്പോഴും സർക്കാർ ആശയക്കുഴപ്പത്തിലാണ്. കോൺഗ്രസ് എംപി രേണുക ചൗധരിയും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം.
ഡോക്ടർമാർക്കൊപ്പമാണ് താൻ. സാധാരണക്കാരുടെ പ്രതീക്ഷ നശിപ്പിക്കരുത്. ഡോക്ടർമാർക്ക് ജോലി ചെയ്യുന്ന സ്ഥലം സുരക്ഷിതമല്ലെന്ന തോന്നലാണ് അവരെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരിവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐയ്‌ക്ക് കൈമാറാനും കോടതി ബംഗാൾ പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ മമത ഉടനടി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻസിപി ശരദ് പവാർ വിഭാഗം എംപി സുപ്രിയ സുലെ പ്രതികരിച്ചു.
ബംഗാളിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തിന് പിന്നാലെ രാജ്യമൊട്ടുക്കും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആരംഭിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയിലാണ് ഇൻഡി സഖ്യത്തിലെ കൂട്ടുകക്ഷികൾ തന്നെ മമതയുടെ വീഴ്ച തുറന്നുകാട്ടുന്നത്.