പാലേരി: ശ്രീകൃഷ്ണജയന്തി ശോഭായാത്രക്കിടെ തെരുവ് വിളക്ക് ഓഫാക്കിയതിൽ പഞ്ചായത്ത് അധികൃതർക്കെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കോഴിക്കോട് ചങ്കരോത്ത് പഞ്ചായത്തിലെ പാലേരിയിൽ ശോഭായാത്ര നടത്തിയപ്പോഴാണ് പാതയോരത്തെ തെരുവുവിളക്കുകൾ കൂട്ടത്തോടെ ഓഫാക്കിയത്.
ജന്മാഷ്ടമി ദിവസം ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെയും ശോഭായാത്ര നടത്തിയത്. പതിനഞ്ചോളം തെരുവ് വിളക്കുകളാണ് ഒരുമിച്ച് ഓഫാക്കിയത്. ശോഭയാത്ര ടൗണിലേക്ക് പ്രവേശിച്ചപ്പോൾ ലൈറ്റ് ഓഫാക്കുകയും പരിപാടി അവസാനിച്ചപ്പോൾ ഓൺ ആക്കുകയുമായിരുന്നു.
പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പാലേരി ടൗണിലാണ് ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയത്. നൂറ് കണക്കിന് കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടി ഇരുട്ടിലാക്കാൻ ശ്രമിച്ചവർക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.















