ഇടുക്കി: വനവാസി ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ നടപടി. വെളിച്ചെണ്ണ ഉത്പാദകരായ കേര ശക്തിക്ക് ഇടുക്കി ജില്ലാ കളക്ടർ പിഴ ഈടാക്കി ഉത്തരവിറക്കി. ഏഴ് ലക്ഷം രൂപ കേരശക്തി പിഴ അടയ്‌ക്കണം. കമ്പനിയുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്.
കർക്കടക മാസത്തിൽ വെള്ളിയാമറ്റം, ഉടുമ്പൻചോല വനവാസി ഊരുകളിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു വെളിച്ചെണ്ണ വിതരണം ചെയ്തത്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ശരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ച പലർക്കും ഭക്ഷ്യവിഷബാധ അടക്കം റിപ്പോർട്ട് ചെയ്തു. തുടർന്ന് പരാതികൾ ഉയരുകയും വിമർശനങ്ങൾ കർശനമാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സാമ്പിൾ പരിശോധിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും ഒരു മാസത്തോളം നടപടിയെടുത്തില്ല. തുടർന്ന് വനവാസികളുടെ നേതൃത്വത്തിൽ വെളിച്ചെണ്ണയും കൈകളിലേന്തി പ്രതിഷേധ മാർച്ച് നടന്നു. ഭക്ഷ്യവകുപ്പ് നാളുകളോളം പൂഴ്‌ത്തിവച്ച കണ്ടെത്തലിൽ ഒടുവിലാണ് നടപടിയുണ്ടായത്.
കേര ശക്തിയുടെ ഉടമ ഷിജാസാണ് 7 ലക്ഷം രൂപ അടയ്‌ക്കേണ്ടത്. 15 ദിവസത്തിനകം തുക അടയ്‌ക്കണമെന്നാണ് നിർദേശം.