ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഓൾ റൗണ്ടർ മൊയീൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പത്ത് വർഷം നീണ്ട അന്താരാഷ്‌ട്ര കരിയറിൽ 298 മത്സരങ്ങളിലാണ് മൊയീൻ അലി കളിച്ചത്. കഴിഞ്ഞ ടി-20 ലോകകപ്പിലും ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ നിന്ന് മൊയീൻ അലിയെ ഒഴിവാക്കിയിരുന്നു. അടുത്ത തലമുറയ്‌ക്കായി വഴിമാറേണ്ട സമയമാണെന്നാണ് മൊയീൻ അലിയുടെ പ്രതികരണം. ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നുവെന്നും തന്റെ ഭാഗത്തു നിന്നുളള കാര്യങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞുവെന്നും മൊയീൻ അലി പ്രതികരിച്ചു. ഡെയ്‌ലി മെയിൽ മാദ്ധ്യമത്തിൽ മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനുമായുളള അഭിമുഖത്തിലാണ് മൊയീൻ അലി വിരമിക്കൽ പരസ്യമാക്കിയത്.
വേണമെങ്കിൽ എനിക്ക് കടിച്ചുതൂങ്ങി ടീമിന്റെ ഭാഗമായി കളിക്കാൻ കാത്തിരിക്കാം. പക്ഷെ എനിക്ക് കഴിയില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസിലാക്കുന്നു. അത് ഞാൻ മോശമായതുകൊണ്ടല്ല, ഇപ്പോഴും തനിക്ക് നന്നായി കളിക്കാൻ കഴിയും. പക്ഷെ ഇംഗ്ലണ്ട് ടീം മറ്റൊരു പരിവർത്തനത്തിന് വിധേയമാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു മൊയീൻ അലിയുടെ അന്താരാഷ്‌ട്ര അരങ്ങേറ്റം. ഇതുവരെ 6678 റൺസ് അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് നേടിയിട്ടുണ്ട്. 366 വിക്കറ്റുകളും നേടി. 2019 ൽ ക്രിക്കറ്റ് ലോകകപ്പും 2022 ലെ ടി -20 ലോകകപ്പും സ്വന്തമാക്കിയ ടീമിൽ അംഗമായിരുന്നു. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ മുൻനിര സ്പിന്നർ ആയിരുന്നു മൊയീൻ അലി.