തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഹൈക്കോടതിയുടെ നടപടി ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നതെന്നും ലൈംഗികാതിക്രമങ്ങൾ മറച്ചുവയ്‌ക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വി മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ കുറ്റങ്ങൾ ചെയ്തവർക്കെതിരെ പോലും നടപടിയെടുക്കാതെ മുട്ടാപ്പോക്ക് നയമാണ് സർക്കാർ സ്വീകരിക്കുന്നത്. വനിതാ മതിൽ കെട്ടിയവർ, യാഥാർത്ഥ്യത്തോട് അടുത്തപ്പോൾ പിന്തിരിഞ്ഞോടി.
കുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയുമുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെട്ട റിപ്പോർട്ട് പൂഴ്‌ത്തിവയ്‌ക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. ലൈംഗിക അതിക്രമങ്ങൾ മറച്ചുവയ്‌ക്കാനും ആ അതിക്രമങ്ങൾ നടത്തിയവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം നാലരവർഷം കഴിഞ്ഞിട്ടും അതിനെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിക്കാത്തിരുന്നത്.
ആഭ്യന്തരവകുപ്പിൽ അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരമാണ്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകേണ്ട എന്ന തീരുമാനം സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ്. സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഹൈക്കോടതി തുറന്നുകാട്ടി. നിയമങ്ങൾക്ക് അതീതമാണ് പാർട്ടി എന്ന് ആരും വിചാരിക്കേണ്ടയെന്നും വി മുരളീധരൻ പറഞ്ഞു.