പാരിസിലെ പാരാലിമ്പിക്സിൽ മെഡൽ കൊയ്ത താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്രകായിക വകുപ്പ്. മൻസൂഖ് മാണ്ഡവ്യയാണ് സമ്മാനത്തുക നൽകുന്ന കാര്യം അറിയിച്ചത്. സ്വർണ മെഡൽ നേടിയവർക്ക് 75 ലക്ഷവും വെള്ളി സ്വന്തമാക്കിയവർക്ക് 50 ലക്ഷവുമാണ് നൽകുന്നത്. 30 ലക്ഷമാണ് വെങ്കല മെഡൽ ജേതാക്കൾക്ക് ലഭിക്കുക.
അമ്പെയ്‌ത്തിൽ രാകേഷ് കുമാറിനൊപ്പം വെങ്കലം നേടിയ ശീതൾ ദേവിയെപ്പോലുള്ള മിക്സഡ് ടീമിനങ്ങളിൽ മികവ് പുലർത്തുന്നവർക്ക് 22.5 ലക്ഷം രൂപയും ലഭിക്കും. മെഡൽ ജേതാക്കളെയും പാരിസ് പാരാലിമ്പിക്‌സിൽ പങ്കെടുത്ത മറ്റുള്ളവരെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി മെഡൽ ജേതാക്കൾക്കുള്ള ചെക്ക് സമ്മാനിച്ചത്.
2028-ലെ ലോസ് ഏഞ്ചൽസ് പാരാലിമ്പിക്‌സിൽ കൂടുതൽ മെഡലുകൾ ലക്ഷ്യമിട്ട് പാരാ അത്‌ലറ്റുകൾക്ക് പൂർണ പിന്തുണയും സൗകര്യങ്ങളും മാണ്ഡവ്യ വാഗ്ദാനം ചെയ്തു. പാരാലിമ്പിക്‌സിലും പാരാ സ്‌പോർട്‌സിലും രാജ്യം കുതിച്ചുയരുകയാണ്. 2016-ലെ 4 മെഡലുകളിൽ നിന്ന് ഇന്ത്യ ടോക്കിയോയിൽ 19 മെഡലുകളും പാരിസിൽ 29 മെഡലുകളും നേടി 18-ാം സ്ഥാനത്തെത്തി,- മാണ്ഡവ്യ പറഞ്ഞു.