മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ചിത്രം കിരീടത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കുറിച്ച് വാചാലനായി സംവിധായകൻ സിബി മലയിൽ. ഒരാളുടെ തോൽവിയിൽ മലയാളികൾ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കിൽ അത് സേതുമാധവന്റെ തോൽവിയെ ഓർത്താണെന്നും കിരീടം തന്റെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലായിരുന്നുവെന്നും സിബി മലയിൽ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.
“കിരീടം എന്ന ചിത്രം എന്റെ സിനിമാ ജീവിതത്തിൽ ഒരു നാഴികക്കല്ലായിരുന്നു. കിരീടം റിലീസ് ചെയ്യുന്ന ദിവസം ഞാൻ ദശരഥത്തിന്റെ ലൊക്കേഷനിലായിരുന്നു. അവിടെ വച്ചാണ് കിരീടം ഹിറ്റാണെന്ന് അറിയുന്നത്. കിരീടത്തെ ആക്ഷൻ സിനിമ ആയിട്ടാണ് വിതരണക്കാർ കണ്ടത്. അതിന് വേണ്ടി ചില മാറ്റങ്ങൾ വരുത്താൻ അവർ പറയുകയും ചെയ്തിരുന്നു. എന്നാൽ എന്റെ നായകൻ തോൽക്കുന്നവനാണെന്ന് തിരക്കഥാകൃത്ത് ലോഹിതദാസ് ഉറപ്പിച്ചുപറയുകയായിരുന്നു”.
സിനിമയുടെ ക്ലൈമാക്സിൽ കത്തിയെടുത്തുകൊണ്ട് അലറി വിളിക്കുന്ന നായകനെയായിരുന്നു വിതരണക്കാർക്ക് വേണ്ടിയിരുന്നത്. അപ്പോഴും, എന്റെ കഥാപാത്രങ്ങൾ പരാജയപ്പെടുന്നവരാണെന്ന് ലോഹിതദാസ് ഉറപ്പിച്ചുപറഞ്ഞു. ഒരാളുടെ തോൽവിയിൽ മലയാളികൾ ഒന്നടങ്കം കരഞ്ഞിട്ടുണ്ടെങ്കിൽ അത് കിരീടത്തിലെ സേതുമാധവന്റെ തോൽവിയിലാണ്. പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും തണലിടങ്ങളിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു സേതുമാധവനെന്നും സിബി മലയിൽ പറഞ്ഞു.