മുൻകാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കന്നഡ നടൻ വരുൺ ആരാധ്യക്കെതിരെ പൊലീസ് കേസ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ വർഷ കാവേരിയാണ് പരാതിക്കാരി. കാമുകനായിരുന്ന വരുൺ തന്നെ വഞ്ചിച്ചത് പിടികൂടിയപ്പോഴാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് വർഷ നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും 2019 മുതൽ പ്രണയത്തിലായിരുന്നു. 2023 ലാണ് വരുണിന്റെയും മറ്റൊരു യുവതിയുടെയും സ്വകാര്യ ചിത്രങ്ങൾ കാണാനിടയാകുന്നത്. ഇതോടെ അവർ ബന്ധം അവസാനിപ്പിച്ചു. ഇതിന് പിന്നാലെയാണ് നടൻ ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്.
കൊലപാതക ഭീഷണിയടക്കം നേരിട്ടതോടെ കുറച്ചു നാൾ വർഷ കാര്യങ്ങൾ പുറത്തുപറഞ്ഞിരുന്നില്ല. ഇതിനിടെ വീഡിയോയും ചിത്രങ്ങളും വർഷയ്‌ക്ക് അയച്ചു നൽകുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹികെട്ടതോടെയാണ് അവർ പാെലീസിനെ സമീപിച്ചത്. വേറെ ആരെയെങ്കിലും വിവാഹം ചെയ്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ബസവേശ്വർനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്. വരുൺ പ്രതികരണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ തുറന്നു പറച്ചിലുമുണ്ടാകുന്നത്.