അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ഔഷധ ഗുണങ്ങളുടെ കലവറയാണ്. അതിനാൽ അവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ ഗുണം ചെയ്യും. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന വെളുത്തുള്ളി ഗുണനിലവാരമില്ലെങ്കിൽ പണിപാളും. ചൈനീസ് വെളുത്തുള്ളിയാണ് ഇവിടെ വില്ലൻ.
2014ൽ നിരോധിച്ചെങ്കിലും ചൈനീസ് വെളുത്തുള്ളി ഇപ്പോഴും ഇന്ത്യൻ വിപണിയിൽ എത്തുന്നുണ്ട്. അടുത്തിടെ ചൈനയിൽ നിന്ന് കടത്തിയ വെളുത്തുള്ളി ഗുജറാത്തിൽ നിന്ന് പിടിച്ചെടുത്തിരുന്നു. നേപ്പാൾ വഴിയാണ് ഇത് ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് സൂചന. നിങ്ങളുടെ അടുത്തുള്ള കടകളിൽ പോലും ചിലപ്പോൾ വ്യാജൻ എത്താൻ സാധ്യതയുണ്ട്. അതിനാൽ അൽപം ശ്രദ്ധിച്ചുവേണം ഇവ വാങ്ങാൻ.
ചൈനീസ് വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാം
- ലോകത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.ഇന്ത്യൻ വെളുത്തുള്ളിയിൽ നിന്ന് കാഴ്ചയിലും ഗുണനിലവാരത്തിലും വ്യത്യസ്തമാണ് ചൈനീസ് വെളുത്തുള്ളി. ചൈനീസ് വെളുത്തുള്ളിക്ക് ഇളം വെള്ളയും പിങ്കും കലർന്ന നിറമാണ്. അല്ലിക്ക് വലിപ്പം കൂടുതലും ഗന്ധം കുറവുമാണ്.
- ചൈനയുടെ വെളുത്തുള്ളി കൃഷിയിൽ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം കൂടുതലാണ്. അതിനാൽ, ആരോഗ്യത്തിനും ഒട്ടും സുരക്ഷിതമല്ല. മീഥൈൽ ബ്രോമൈഡ് അടങ്ങിയ കുമിൾനാശിനി ഉപയോഗിച്ച് ആറുമാസം വരെ വെളുത്തുള്ളിയിൽ ഫംഗസ് വളർച്ച തടയുന്നു.
- ഔഷധഗുണത്തിന് കാരണമായ അലിസിൻ എന്ന ഘടകം ചൈനീസ് വെളുത്തുള്ളിയിൽ വളരെ കുറവാണ്. അലിസിൻ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ചൈനയിൽ വെളുത്തുള്ളി കൃഷിക്ക് അസംസ്കൃത മലിനജലം ഉപയോഗിക്കുന്നുവെന്ന
യുഎസ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ബ്രിച്ചിംഗ് പ്രക്രീയയ്‌ക്ക് വിധേയമാക്കുന്നുണ്ടെന്നും പഠനങ്ങൾ പറയുന്നു.