ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. ബുദ്ധിയുള്ള പെൺകുട്ടികൾ അജ്ഞാതനായ വ്യക്തിയെ കാണാൻ ഹോട്ടൽ മുറിയിൽ ഒറ്റയ്‌ക്ക് പോകില്ലെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട് കോടതി നടത്തിയ നിരീക്ഷണം. തീർത്തും സ്വകാര്യമായ സ്ഥലത്തെ കൂടിക്കാഴ്‌ച സുരക്ഷിതമല്ലെന്ന് അറിയാവുന്ന പെൺകുട്ടി എന്തിന് ഹോട്ടൽ റൂമിലേക്ക് പോയെന്ന് കോടതി ചോദിച്ചു.
പഠിക്കുന്ന കോളേജിൽ വച്ച് പരിചയപ്പെട്ട യുവാവിന് ഫോൺ നമ്പർ കൈമാറിയെന്നും മാസങ്ങൾക്ക് ശേഷം അയാൾ അത്യാവശ്യ കാര്യം സംസാരിക്കാൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചതിനെത്തുടർന്ന് താൻ പോയതാണെന്നും യുവതി പരാതിയിൽ പറയുന്നു. മുറിയിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പകർത്തി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇയാൾ പെൺകുട്ടിയുടെ കുടുംബത്തിനും ബന്ധുക്കൾക്കും അയച്ചുനൽകിയതായി പരാതിയിൽ ആരോപിക്കുന്നു.
എന്നാൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടും പെൺകുട്ടിയും പിതാവും നിശ്ശബ്ദരായിരുന്നുവെന്നും 7 മാസങ്ങൾക്ക് ശേഷമാണ് ഇവർ പരാതി നൽകിയിരിക്കുന്നതെന്നും കോടതി കണ്ടെത്തി. തനിക്കെതിരെ അക്രമമായുണ്ടായാൽ സ്വാഭാവികമായും പെൺകുട്ടി ബഹളമുണ്ടാക്കുകയും ഇത് സമീപത്തുള്ളവർ കേൾക്കേണ്ടതുമാണ്. അങ്ങനെയൊന്നും സംഭവിച്ചതായി ഇരയുടെ മൊഴിയിൽ ഇല്ല. ഇരയുടെ പരാതിയും തെളിവുകളും വിശ്വാസത്തിലെടുക്കാൻ കഴിയുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.