കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോ ചിത്രീകരണവും കേക്ക് മുറിയും ഇനി നടക്കില്ല. വീഡിയോഗ്രഫിക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്ര ചടങ്ങുകൾക്കും വിവാഹങ്ങൾക്കും അല്ലാതെ നടപ്പന്തലിൽ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി.
ക്ഷേത്ര നടപ്പന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ചിത്രകാരി ജസ്ന സലിം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര നടപ്പന്തലിൽ വെച്ച് കേക്ക് മുറിച്ചതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. സെലിബ്രിറ്റികളോടാെപ്പം എത്തുന്ന വ്ലോഗർമാക്കും നടപ്പന്തലിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരിധി വിട്ടുള്ള വീഡിയോ ചിത്രീകരണം ഭക്തർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
അടുത്തിടെയാണ് ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് ജസ്ന സലീം കേക്ക് മുറിച്ചത്. ഇതിന്റെ വീഡിയോ അവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നടപടി.