കേരളത്തിൽ ഐസ് റിക്രൂട്ട്മെന്റുകൾ വ്യാപകമാണെന്ന പി. ജയരാജന്റെ തുറന്നുപറച്ചിലിനെതിരെ എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ. പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. തീവ്രവാദ സംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ് കേരളമെന്നും സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ ഐഎസ് റിക്രൂട്ട്മന്റുകളെക്കുറിച്ച് പി. ജയരാജൻ പരാമർശിച്ചത്. ചെറുപ്പക്കാർ പൊളിറ്റിക്കൽ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരിൽ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും മുൻ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തെയാണ് ഇ.പി ജയരാജൻ തള്ളിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇപി പ്രതികരിച്ചു.
എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാം. നിങ്ങൾ അന്വേഷിച്ച് നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുക. എനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞു. എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റിയ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. മറ്റു കാര്യങ്ങൾ പാർട്ടി നേതാക്കളോട് ചോദിക്കുക. പാർട്ടിക്ക് ദോഷം ഉണ്ടാക്കുന്ന ഒരു കാര്യങ്ങളും പറയില്ല. ജനങ്ങളാണ് എന്റെ ശക്തി. ജനങ്ങളോടാണ് എനിക്ക് ബാധ്യത, ആ ജനങ്ങളോട് ഞാൻ പറയാനുള്ളത് പറയും. തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെ വളർന്നുവന്ന വ്യക്തിയാണ് ഞാൻ. ഇപ്പോൾ ഉണ്ടാകുന്ന കാര്യങ്ങളിൽ അതുകൊണ്ട് ബുദ്ധിമുട്ടില്ല. – ഇപി ജയരാജൻ പറഞ്ഞു.
യെച്ചൂരിയുടെ വേർപാട് സമയത്ത് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തതിനെക്കുറിച്ചും ഇപി പ്രതികരിച്ചു. എത്രയും വേഗം ഡൽഹിയിൽ എത്തി യെച്ചൂരിയെ കാണുക എന്നതായിരിന്നു ലക്ഷ്യം. അതിനായി ഇൻഡിഗോ വിമാനം അല്ലാതെ മറ്റു സാധ്യതയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.