ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ് ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പ്രീതി സിന്റ ഉടമയായ പഞ്ചാബ് കിംഗ്സിൽ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഏഴുവർഷം ഡൽഹിക്കാെപ്പം സഞ്ചരിച്ച പോണ്ടിംഗ് രണ്ടുമാസം മുൻപാണ് ടീമുമായി വഴി പിഞ്ഞത്. പഞ്ചാബ് കിംഗ്സുമായി നാലു വർഷത്തെ കരാറാണ് താരം ഒപ്പിട്ടതെന്നാണ് വിവരം. 2025 സീസണിലേക്കുള്ള മെഗാ ലേലം വരാനിരിക്കെയാണ് പുതിയ നീക്കം. ഇതുവരെ കീരിടം നേടാത്ത പഞ്ചാബിനെ ചാമ്പ്യന്മാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പോണ്ടിംഗിന് മുന്നിലുള്ളത്. പഴയ പരിശീലക സംഘത്തിൽ ആരോക്കെ തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
“പുതിയ വെല്ലുവിളി എറ്റെടുക്കുന്നതിൽ ആകാംക്ഷയുണ്ടെന്നും പുതിയ അവസരത്തിന് നന്ദിയുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു. പുതിയൊരു പഞ്ചാബിനെയാകും ആരാധകർ കാണാനിരിക്കുന്നതെന്നും”– പോണ്ടിംഗ് പറഞ്ഞു. ഏഴ് സീസണിൽ ഇത് ആറാമത്തെ പരിശീലകനെയാണ് പഞ്ചാബ് നിയമിക്കുന്നത്. 2014-ലാണ് പഞ്ചാബ് ഏറ്റവും ഒടുവിൽ പ്ലേഓഫ് കളിക്കുന്നത്. അന്ന് ഫൈനലിൽ എത്തിയെങ്കിലും ഗംഭീറിന്റെ കൊൽക്കത്തയോട് തോറ്റു. ശിഖർ ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെ പഞ്ചാബിനെ നയിക്കാൻ പുതിയ താരമെത്തിയേക്കും. കഴിഞ്ഞ സീസണിൽ പരിക്കേറ്റ ധവാന് പകരം ഇംഗ്ലണ്ട് താരം സാം കറനായിരുന്നു പഞ്ചാബിനെ നയിച്ചത്.