സമ്പന്നമായ രുചികൾ, സുഗന്ധവ്യഞ്ജനങ്ങൾ, വൈവിധ്യമാർന്ന പാചക പാരമ്പര്യങ്ങൾ എന്നിവയ്‌ക്ക് പേരുകേട്ട ഇന്ത്യൻ ഭക്ഷണം ആഗോള തലത്തിൽ തന്നെ പ്രിയപ്പെട്ടവയാണ്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളെ ആകർഷിക്കുന്ന വിഭവങ്ങൾ ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികളെയും സ്വാധീനിക്കാറുണ്ട്. എന്നാൽ അടുത്തിടെ ഇന്ത്യൻ ഭക്ഷണത്തെക്കുറിച്ച് ഒരു ഓസ്‌ട്രേലിയൻ യൂട്യൂബർ നടത്തിയ പരാമർശങ്ങളാണ് സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയ്‌ക്ക് വഴിവച്ചത്.
ജെഫ് എന്ന ഒരു എക്സ് ഉപയോക്താവ് ഇന്ത്യൻ പാചകരീതിയെ പ്രശംസിച്ചുകൊണ്ട് വൈറലായ ഒരു പോസ്റ്റ് ഷെയർ ചെയ്തതാണ് വിവാദത്തിന് തുടക്കമിട്ടത്. നിരവധി ഇന്ത്യൻ കറികളും ചോറും അടങ്ങിയ ചിത്രം അദ്ദേഹം പങ്കിട്ടു, “ഇന്ത്യൻ ഭക്ഷണമാണ് ഭൂമിയിലെ ഏറ്റവും മികച്ചത്. എന്നോട് തർക്കത്തിനുണ്ടോ “എന്നായിരുന്നു അടിക്കുറിപ്പ്.
എന്നാൽ ഈ പ്രസ്താവന ശരിയല്ലെന്നായിരുന്നു ചിത്രത്തിന് താഴെ കമന്റ് ചെയ്ത ഓസ്‌ട്രേലിയൻ യൂട്യൂബർ ഡോ. സിഡ്‌നി വാട്സന്റെ നിലപാട്. ഭക്ഷണം രുചികരമാകാൻ വൃത്തികെട്ട കുറെ മസാലകൾ ചേർക്കേണ്ടി വരുന്നെങ്കിൽ അത് നല്ല ഭക്ഷണമല്ലെന്നായിരുന്നു യുട്യൂബർ പറഞ്ഞത്. ഇന്ത്യൻ പാചകരീതിയേയും സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യത്തെയും അധിക്ഷേപിച്ച സിഡ്‌നിയുടെ കമന്റിനെതിരെ ആളുകൾ പ്രതികരിച്ചു. കുറിക്ക് കൊള്ളുന്ന മറുപടികളും ട്രോളുകളുമായി കമന്റ് ബോക്സ് നിറഞ്ഞു. ഏകദേശം പത്തുലക്ഷത്തോളംപേർ ഇതൊനൊടകം പോസ്റ്റ് കണ്ടിട്ടുണ്ട്.