ഹൈദരാബാദ് : വിവിധ ലൊക്കേഷനുകളിൽ വെച്ച് പലതവണ ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി. രഞ്ജിതമേ, കവലയ്യ’ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഇയാൾ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ യുവതി 2019 മുതൽ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനിൽ ഉണ്ടെന്ന് പറയപ്പെടുന്നു. കുറ്റം ആരോപിക്കപ്പിക്കപ്പെടുന്ന അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്‌സോ നിയമപ്രകാരവും ജാനിക്കെതിരെ കേസെടുത്തിരുന്നു.
ഈ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് അയാൾ പ്രസിഡൻ്റായിരുന്ന തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷനിൽ നിന്ന് ജാനിയെ പുറത്താക്കി. ഒളിവിലായിരുന്ന ഇയാളെ ഇന്ന് (സെപ്റ്റംബർ 19) ബെംഗളൂരുവിൽ സ്പെഷൽ പൊലീസ് അറസ്റ്റ് ചെയ്തു.
ജാനി മാസ്റ്റർ തന്നെ ദീർഘകാലമായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ വനിതാ കൊറിയോഗ്രാഫർ ആരോപിച്ചു. ചെന്നൈ, മുംബൈ, ഹൈദരാബാദ്, അളകാപുരി ടൗൺഷിപ്പ് എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും സംഭവങ്ങൾ പരാതിയിൽ അവർ വിശദമാക്കിയിട്ടുണ്ട്. യുവതിയുടെ നർസിംഗിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.
ജാനി മാസ്റ്ററിന് എതിരെ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. ജാനി മാസ്റ്റർ തന്നെ ഉപദ്രവിച്ചു എന്നാരോപിച്ച് നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു.2019-ൽ ഹൈദരാബാദ് മെഡ്ചലിലെ ഒരു പ്രാദേശിക കോടതി ജാനി മാസ്റ്ററെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചിരുന്നു.