ശ്രീനഗർ: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമേകി പ്രധാനമന്ത്രി വീണ്ടും ജമ്മു കശ്മീരിൽ. പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം ജനങ്ങളെ കൊണ്ട് നിറഞ്ഞു. കശ്മീരിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കിയെന്നും മേഖലയുടെ സുസ്ഥിര വികസനമാണ് ലക്ഷ്യമെന്നും പൊതുറാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ മുഴുവൻ സ്ഥാനാർത്ഥികളും വേദിയിൽ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കം 5,000 ഓളം പേർ റാലിയിൽ പങ്കെടുത്തു.
ആദ്യഘട്ട തെരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിംഗിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ജനാധിപത്യത്തിന്റെ ഉത്സവമാണ് കശ്മീരിൽ നടക്കുന്നത്. മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ വൈകിട്ട് ആറോടെ പ്രചാരണം അവസാനിപ്പിക്കും. വീടുവീടാന്തരം കയറിയുള്ള പ്രചാരണങ്ങൾ അസാധ്യമായിരുന്നു. ഇന്ന് രാത്രി വൈകിയും പ്രചാരണം നടക്കുന്നു.
ജനങ്ങൾ ജനാധിപത്യം ആഘോഷിക്കുകയാണ്. അവരുടെ വോട്ടിന് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷയാണ് ശാക്തീകരണത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോൺഗ്രസിനെയും നാഷണൽ കോൺഫറൻസിനെയും പിഡിപിയെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം മുന്നോട്ട് പോയത്. കശ്മീർ ജനതയെ കൊള്ളയടിക്കുന്നത് ജന്മാവകാശമാണെന്ന് കരുതുന്ന മുന്ന് കുടുംബങ്ങളുണ്ട്. ഇവർ തങ്ങളുടെ നേട്ടങ്ങൾക്കായി കശ്മീരിനെ ചവിട്ടിമെതിച്ചുവെന്നും മറ്റൊരു തലമുറയെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും കശ്മീരിന്റെ ദ്രുതഗതിയുള്ള വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.