ചെന്നൈ: തമിഴ്നാട്ടിലെ മേയർ ആർ. പ്രിയക്കെതിരെ വിചിത്ര ആരോപണവുമായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാറായ എസ്.ബി മാധവി (50). ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരിൽ മേയർ തനിക്ക് ട്രാൻസ്ഫർ നൽകിയെന്നാണ് മാധവി ഉന്നയിക്കുന്നത്. ഇതോടെ കേട്ടുകേൾവിയില്ലാത്ത ഒരു വിഷയത്തിൽ വിവാദത്തിലായിരിക്കുകയാണ് ചെന്നൈ കോർപ്പറേഷൻ.
ലിപ്സ്റ്റിക് ധരിച്ച് വരാറുള്ള മാധവിയെ ഇതുപയോഗിക്കുന്നതിൽ നിന്ന് മേയറിന്റെ പിഎ ശിവ ശങ്കർ വിലക്കിയിരുന്നു. മേയറുടെ ഔദ്യോഗിക പരിപാടികൾക്ക് എത്തുമ്പോൾ ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നായിരുന്നു ആവശ്യം. എന്നാൽ ഇക്കാര്യം ചോദ്യം ചെയ്തതോടെ മാധവിയെ മണലി സോണിലേക്ക് സ്ഥലം മാറ്റിയെന്നാണ് മാധവി പറയുന്നത്. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ അക്കാര്യം വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് തന്നെ കാണിക്കൂവെന്ന് മാധവി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മെമ്മോയും മാധവിക്ക് ലഭിച്ചിരുന്നു.
സംഭവത്തിൽ ഡിഎംകെ മേയറായ പ്രിയ പ്രതികരിച്ചിട്ടുണ്ട്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഷാഷൻ ഷോയിൽ ദഫേദാർ മാധവി പങ്കെടുത്തത് വിമർശനങ്ങൾക്ക് വഴിവച്ചെന്ന് മേയർ ചൂണ്ടിക്കാട്ടി. കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന് മാത്രമാണ് തന്റെ പിഎ ആവശ്യപ്പെട്ടതെന്നും സ്ഥലം മാറ്റിയത് ലിപ്സ്റ്റിക് വിഷയത്തിലല്ലെന്നും മേയർ വിശദീകരിച്ചു.















