തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് ആവശ്യമായ അടിയന്തര സഹായം കേന്ദ്രത്തിനോട് വീണ്ടും ആവശ്യപ്പെടാൻ മന്ത്രിസഭയിൽ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ മെമ്മോറാണ്ടം കേന്ദ്രത്തിന് ഇതുവരെയും സംസ്ഥാനം നൽകിയിട്ടില്ല. എല്ലാ സഹായങ്ങളും കേന്ദ്രം നൽകാമെന്ന് പറയുമ്പോഴും അടിയന്തര ധനസഹായം ലഭിച്ചില്ലെന്ന വാദമാണ് മുഖ്യമന്ത്രി വീണ്ടും വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219. 20 കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ സഹായമായി നൽകണമെന്നും സംസ്ഥാനം അഭ്യർത്ഥിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതമായ 291. 20 കോടി രൂപയുടെ ആദ്യ ഗഡുവായി 145.6 കോടി നേരത്തെ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. രണ്ടാം ഗഡു അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചു. എന്നാൽ ഇത് സാധാരണ നടപടി ക്രമം മാത്രമാണെന്നും ദുരന്തങ്ങൾ നടക്കുമ്പോഴുള്ള അടിയന്തര സഹായം കേന്ദ്രം നൽകിയില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികളും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ട എട്ട് കുട്ടികളുമുണ്ട്. അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മറ്റ് കുട്ടികൾക്ക് 5 ലക്ഷം രൂപ വീതം നൽകുന്നതിനും മന്ത്രി സഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കൽപറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ടൗൺഷിപ്പ് നിർമിക്കാൻ യോഗത്തിൽ തീരുമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടും കുടുംബവും നഷ്ടപ്പെട്ടവരെ ഒന്നാംഘട്ടമായി പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ മറ്റുള്ളവരെയും പുനരധിവസിപ്പിക്കും. ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്നവരുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പിന്നീട് പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോടൊപ്പം ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.