പാലക്കാട്: ക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ്. സിപിഎം ഭരിക്കുന്ന ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിലാണ് സംഭവം. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പണം ബാങ്ക്-ക്ഷേത്രഭരണ സമിതി അംഗങ്ങൾ തട്ടിയെടുത്തതായാണ് ആരോപണമുയരുന്നത്.
ശ്രീ അയ്യപ്പൻ കാവ് ദേവസ്വം എന്ന പേരിലാണ് ബാങ്കിലെ വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. എന്നാൽ മലബാർ ദേവസ്വം ബോർഡിൽ നിന്നുള്ള വിവരാവകാശ രേഖയിൽ ക്ഷേത്രത്തിന് ഇത്തരമൊരു അക്കൗണ്ടില്ലെന്ന് വ്യക്തമാണ്. ക്ഷേത്രത്തിലെ വഴിപാടുൾപ്പെടെ ലഭിക്കുന്ന വരുമാനമെല്ലാം നിക്ഷേപിക്കുന്നത് ഈ അക്കൗണ്ടിലാണ്. ഈ പണമാണ് ക്ഷേത്രഭരണസമിതിയുടെ ഒത്താശയോടെ ബാങ്ക് തട്ടിയെടുത്തത്.
സംഭവത്തിൽ വ്യാജ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടയുള്ള തെളിവുകൾ ബിജെപി പുറത്തുവിട്ടു. അയ്യപ്പൻകാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നിലേറെ വ്യാജ അക്കൗണ്ടുകൾ തുടങ്ങിയതായി സംശയമുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. പരാതി നൽകിയെങ്കിലും സംഭവത്തിൽ കേസെടുക്കാതെ പൊലീസ് അലംഭാവം തുടരുകയാണ്. ക്ഷേത്രഭരണസമിതി ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ബാങ്ക് ഭരണസമിതി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.