ന്യൂഡൽഹി ; ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ ഉയർന്നു. ഷാഹി ഈദ്ഗാ മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിയാണ് കോടതി പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകിയത് . ഷാഹി ഈദ്ഗാ പാർക്കിൽ ഝാൻസി റാണിയുടെ പ്രതിമ സ്ഥാപിക്കാൻ ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്ക് (ഡിഡിഎ) അനുമതി നൽകിയ സിംഗിൾ ജഡ്ജിയുടെ തീരുമാനത്തെ എതിർത്താണ് മസ്ജിദ് കമ്മിറ്റി ഹർജി നൽകിയിരുന്നത്.
ഡൽഹി പോലീസിന്റെയും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെയും കനത്ത സുരക്ഷാ വിന്യാസത്തിനിടയിലാണ് പ്രതിമ ഝണ്ഡേവാലൻ റൗണ്ട് എബൗട്ടിൽ നിന്ന് സദർ ബസാറിലെ ഈദ്ഗാ പാർക്കിൽ എത്തിച്ചത് . ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ ഉയർത്തി പാർക്കിൽ സ്ഥാപിച്ചത്. അതിനു മുന്നോടിയായി കഴിഞ്ഞ ഒരാഴ്ചയായി നിലം നികത്തി പ്ലാറ്റ്ഫോം തയ്യാറാക്കി മണ്ണിൽ തൂണുകൾ കുഴിച്ചിട്ടിരുന്നു.
ഷാഹി ഈദ്ഗാ പാർക്ക് ഭൂമി തങ്ങളുടേതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ അവകാശവാദം . എന്നാൽ ഈ വാദവും കോടതി തള്ളി .ഭൂമിയുടെ അവകാശം ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റിക്കാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെ, തർക്കത്തിന് വർഗീയ നിറം നൽകിയതിന് മസ്ജിദ് കമ്മിറ്റിയെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ സിംഗ്, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങുന്ന ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ഇതോടൊപ്പം ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയെ കൊണ്ട് മാപ്പും പറയിപ്പിച്ചു. മതത്തിന്റെ അതിർവരമ്പുകൾ ലംഘിച്ച ദേശീയ നായികയുടെ പ്രതിമ ഈദ്ഗാ പാർക്കിൽ തന്നെ സ്ഥാപിക്കുമെന്നും കോടതി പറഞ്ഞിരുന്നു.