കൊച്ചി: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ യാതൊരു വിധത്തിലും ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന് അകത്താണോ പണം വാങ്ങുന്നതെന്ന് കോടതി ആരഞ്ഞു. ഹർജിക്കാരൻ സമർപ്പിച്ച പണം വാങ്ങുന്ന ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയാരെണെന്നും കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തിങ്കളാഴ്ച തന്നെ കൈമാറാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി
കുറി തൊടുന്നതിന് 10 രൂപ ഫീസ് നിശ്ചയിച്ച് കരാർ നൽകിയ ദേവസ്വം നടപടി വിവാദമായിരുന്നു, തുടർന്ന് കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എരുമേലി സ്വദേശി മനോജ് എസ്.നായർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിക്കവേയാണ് ദേവസ്വം ബോർഡിന്റെ നടപടിയെ കോടതി ചോദ്യം ചെയ്തത്. എന്നാൽ ആരെയും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നില്ലെന്ന വിചിത്രവാദമാണ് ദേവസ്വം ബോർഡന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതി മുന്നാകെ ഉന്നയിച്ചത്.
എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ കുറി തൊടുന്നതിന് 10 രൂപ ഈടാക്കാൻ തീരുമാനിച്ചതിൽ ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏകദേശം ഏഴ് ലക്ഷം രൂപയ്‌ക്കാണ് കുറി തൊടൽ കരാർ. എന്നാൽ കരാറുകാരന് ഈയിനത്തിൽ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പരമ്പരാഗതമായി ചെയ്ത് വരുന്ന കുറി തൊടൽ അനുവദിക്കില്ലെന്ന നിലപാടുമായി കഴിഞ്ഞ ദിവസം ദേവസ്വം രംഗത്ത് വന്നു. ബന്ധപ്പെട്ട കരാർ റദ്ദാക്കാനുള്ള നീക്കവും ബോർഡ് നടത്തുന്നതായി സൂചനയുണ്ട്.
ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്തവളങ്ങളിലൊന്നാണ് എരുമേലി. ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ആരംഭിക്കുന്നതും എരുമേലി ശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. പേട്ടയ്‌ക്കുമുൻപ് വലിയതോട്ടിൽ കുളിച്ചെത്തുന്ന ഭക്തർക്കായി നടപന്തലിൽ കുങ്കുമവും ഭസ്മവുമുൾപ്പെടുള്ളവ നൽകാറുണ്ട്. ഇവിടെ കുറി തൊടുന്നതിന് 10 രൂപ ഫീസ് നിശ്ചയിച്ചത്.
.