ശരീരഭാരം അൽപം കൂടുന്നുവെന്ന് തോന്നിയാൽ പിന്നെ കയ്യും കണക്കുമില്ലാതെ ചപ്പാത്തിക്ക് പിന്നാലെ പായുന്നതാണ് ശീലം. അധികമായാൽ അമൃതും വിഷമെന്നാണ് പറയാറുള്ളത്. എത്രമാത്രം പോഷകസമ്പന്നമായ ആഹാരമായാലും ശരി അധികമായാൽ പിന്നെ വിഷത്തിന്റെ ഫലമേ ചെയ്യൂ.
രാത്രി ചോറിന് പകരം ചപ്പാത്തി കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്നാണ് പലരും പറയുന്നത്. എന്നാൽ അത് അത്ര ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ ഏറെ സമയമെടുക്കുമെന്നാണ് ഒന്നാമത്തെ കാര്യം. ഇത് ഉറക്കത്തിന്റെ ഗുണമേന്മയെ കാര്യമായി ബാധിക്കും. ചപ്പാത്തിയോ ഗോതമ്പ് കൊണ്ടുണ്ടാക്കിയ മറ്റ് ഭക്ഷണങ്ങളോ കഴിച്ചയുടനെ കിടക്കുന്നത് നന്നല്ല. കിടക്കുന്നതിന് മൂന്നോ നാലോ മണിക്കൂർ മുൻപ് കഴിക്കുന്നതാണ് നല്ലത്. ചപ്പാത്തി കഴിക്കുന്നത് പൂർണമായും നിർത്തണമെന്നല്ല, മറിച്ച് കഴിക്കുന്നതിന്റെ അളവ് കുറയ്‌ക്കണമെന്നാണ് പറയുന്നത്.
ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിന്റെയും ഗ്ലൂറ്റന്റെയും അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. രാത്രിയിൽ കഴിച്ചാൽ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.
എന്നാൽ ഉച്ചയ്‌ക്കാണ് ചപ്പാത്തി കഴിക്കുന്നതെങ്കിൽ ശരീരത്തിന് ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധരും ന്യൂട്രിഷനിസ്റ്റുകളും പറയുന്നത്. ദഹനം വേഗത്തിലാക്കാനും ഉച്ചകഴിഞ്ഞ് ശരീരം കൂടുതൽ സജീവമാകുന്നതിനും ഇത് സഹായിക്കും.















