കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരും കുറ്റവിമുക്തർ. എല്ലാവരുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.
നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണമായി അംഗീകരിച്ചുവെന്ന് അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന സമയത്ത് തന്നെ സംഭവം അന്വേഷിച്ചിക്കുകയും ഇതിൽ യാതൊരുവിധത്തിലുള്ള ഭീഷണിയോ പ്രകോപനമോയില്ലെന്ന് പൊതുസമൂഹത്തിനറിയാമായിരുന്നു. പിന്നീട് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ അദ്ധ്യക്ഷൻ കെ. ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാർട്ട്ഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.