കുറ്റകൃത്യങ്ങൾ തെളിയിക്കുകയാണ് അഭിഭാഷകരുടെ ജോലി. എന്നാൽ അഭിഭാഷകർ തന്നെ തെളിവുകളോടെ കള്ളനെ പിടികൂടിയാലോ? അതും സുപ്രീംകോടതി വരാന്തയിൽ നിന്ന്. എന്നാൽ ഇവനെതിരെ കേസെടുക്കാൻ സാധിക്കാത്തതിനാൽ തത്കാലം മോഷ്ടാവിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അഭിഭാഷകർ.
അടുത്തിടെ അസാധാരണമായ സന്ദർശകരാണ് സുപ്രീം കോടതിയിലേക്കെത്തിയത്. ഒരു കൂട്ടം കുരങ്ങുകൾ! സുപ്രീം കോടതിയുടെ മുകൾ ഭാഗത്തുള്ള വരാന്തയിലേക്ക് വലിഞ്ഞു കയറിയ കുരങ്ങുകളിൽ ഒരാൾ അഭിഭാഷകരുടെ ബാഗ് തട്ടിപ്പറിച്ചെടുത്തു. ആരെയും വക വയ്ക്കാതെ ബാഗിൽ നിന്നും ചോറ്റുപാത്രവും കൈക്കലാക്കി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
The corridors of the Supreme Court had got some unusual visitors recently pic.twitter.com/nTxLNi8SNQ
— SANJAY HEGDE (@sanjayuvacha) October 5, 2024
സുപ്രീം കോടതി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയാണ് വീഡിയോ പങ്കുവച്ചത്. ബാഗ് മോഷ്ടിച്ച കുരങ്ങിനെ കാണാനായി നിരവധി അഭിഭാഷകരും ജീവനക്കാരും എത്തുന്നതും വീഡിയോയിൽ കാണാം. സംഭവം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. സുപ്രീം കോടതിയിൽ പട്ടാപ്പകൽ പിടിച്ചുപറി, ക്രമസമാധാന തകർച്ച തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയെ തേടിയെത്തിയത്.















