അടൂർ: പൊലീസുകാരടക്കം ആറുപേരെ തെരുവുനായ കടിച്ചു. പത്തനംതിട്ട അടൂരിലാണ് സംഭവം. ആറ് പേർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫീസർ രാഹുൽ (38), ഡാൻസാഫ് സംഘത്തിലെ സി.പി.ഒ ശ്രീരാജ് (32) എന്നിവരെ അടൂർ പൊലീസ് സ്റ്റേഷന് സമീപത്താണ് നായ കടിച്ചത്.
കൊച്ചുവിളയിൽ ജോയി ജോർജ് (68), കരുവാറ്റ പാറപ്പാട്ട് പുത്തൻവീട്ടിൽ സാമൂവേൽ (82), കരുവാറ്റ പ്ലാവിളയിൽ ലാലു ലാസർ (42), പെരിങ്ങനാട് കാഞ്ഞിരവിള പുത്തൻവീട്ടിൽ അനിയൻ മത്തായി (60) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ പ്ലാവിളത്തറ ഭാഗത്ത് വച്ചാണ് നായ കടിച്ചത്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിന് തടയിടാൻ നടപടികൾ ആരംഭിച്ചതായി സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വിവിധയിടങ്ങളിൽ ഇപ്പോഴും നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വാഹനത്തിന് കുറുകെ തെരുവുനായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. കൊല്ലം പുനലൂരിൽ ആറ് പേരെ തെരുവുനായ കടിച്ചതും കഴിഞ്ഞ ദിവസമാണ്.