കൊല്ലം: നടൻ ടി.പി മാധവൻ അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. ഏറെ നാളായി വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
കുടൽ സംബന്ധമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ അസുഖം മൂർച്ഛതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻ്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം കവർന്നത്. മൃതദേഹം നാളെ രാവിലെ ഒൻപത് മണിക്ക് കൊല്ലത്ത് നിന്ന് പത്തനാപുരം ഗാന്ധിഭവനിൽ കൊണ്ടുവരും. തുടർന്ന് 12 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കും. പൊതു ദർശനത്തിന് ശേഷം വൈകിട്ട് സംസ്കാരം.
500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു. നടൻ മധുവാണ് മാധവന് സിനിമയിൽ അവസരം നൽകുന്നത്. 1975-ൽ പുറത്തിറങ്ങിയ രാഗം ആണ് ആദ്യ സിനിമ. പിന്നാലെ സിനിമാ അഭിനയത്തിലേക്ക് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഇതിനെ തുടർന്ന് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ബോളിവുഡിലെ പ്രശസ്ത സംവിധായകനും മകനുമായ രാജകൃഷ്ണ മോനോന് രണ്ടര വയസ് പ്രായമുള്ളപ്പേഴാണ് ടി.പി മാധവൻ കുടുംബത്തെ ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിന്നീട് താരം കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. 2015-ൽ ഹരിദ്വാർ യാത്രക്കിടയിൽ ടിപി മാധവന് പക്ഷാഘാതം സംഭവിച്ചിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി.പി മാധവനെ സഹപ്രവർത്തകരാണ് കണ്ടെത്തിയത്. തുടർന്ന് എട്ട് വർഷങ്ങൾക്ക് മുൻപ് പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചതും അവരാണ്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യം മെച്ചപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി.പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് മറവി രോഗം ബാധിച്ചു. പ്രശസ്ത അധ്യാപകൻ പ്രഫ. എൻ പി പിള്ളയുടെ മകനാണ് ടി പി മാധവൻ.
നാടോടിക്കാറ്റ്, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, നരസിംഹം, വിയറ്റ്നാം കോളനി എന്ന് തുടങ്ങി മലയാളികൾ ക്കാലവും ഹൃദയത്തോട് ചേർത്ത് വയ്‌ക്കുന്ന സിനിമകളുടെ ഭാഗമായിരുന്നു അദ്ദേഹം.














