വ്യോമയാന മേഖലയുമായി വളരെ അധികം ആഴത്തിലുള്ള ബന്ധമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്‌ക്കുള്ളത്. ഈ മേഖലയോടുള്ള അദ്ദേഹത്തിന്റെ പ്രിയമാണ് ഒരു കാലത്ത് ടാറ്റയുടെ കൈവിട്ട് പോയ എയർ ഇന്ത്യയെ വീണ്ടും ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. 2022 ഫെബ്രുവരിയിലാണ് ടാറ്റ സൺസ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നത്. ഒരു മാസത്തിന് ശേഷം മുംബൈയിൽ വച്ച് എയർ ഇന്ത്യ അവരുടെ ഏറ്റവും പുതിയ ലോംഗ് റേഞ്ച് ജെറ്റ് എയർബസ് എ 350യുടെ പ്രദർശനം നടത്തി.
രത്തൻ ടാറ്റയും എ 350യുടെ പ്രദർശന പറക്കലിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുമ്പോഴും ആവേശത്തോടെ വിമാനത്തിന്റെ കോക്പിറ്റിലേക്ക് എത്തിയ അദ്ദേഹം പൈലറ്റുമാരുടെ പിന്നിലെ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ അനുഭവം ആസ്വദിക്കണമെന്ന് രത്തൻ ടാറ്റ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുതിർന്ന പൈലറ്റുമാർക്കും രത്തൻ ടാറ്റയുടെ തീരുമാനത്തിൽ അത്ഭുതം തോന്നിയില്ല. കാരണം ഈ മേഖലയോടുള്ള അദ്ദേഹത്തിന്റെ താത്പര്യവും, എത്രത്തോളം സാങ്കേതികജ്ഞാനവും അറിവും ഈ വിഷയത്തിൽ ഉണ്ടെന്നുമെല്ലാം അവർക്ക് വ്യക്തമായി അറിയാമായിരുന്നു.
ജെആർഡി ടാറ്റയെ ഒരിക്കൽ കൂടി കാണുന്നത് പോലെയാണ് അന്ന് തനിക്ക് തോന്നിയതെന്നാണ് ഈ സംഭവത്തെ കുറിച്ച് ഒരു മുതിർന്ന പൈലറ്റ് പിന്നീട് പറഞ്ഞത്. ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിത്വമാണ് ദീർഘകാലം ടാറ്റ ഗ്രൂപ്പ് സാരഥിയായിരുന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ എന്ന ജെആർഡി ടാറ്റ. പരിശീലന പറക്കലിൽ പങ്കെടുക്കാൻ എത്തിയ സമയത്ത്, നടക്കുന്നതിന് വളരെ അധികം ബുദ്ധിമുട്ടികൾ രത്തൻ ടാറ്റ നേരിട്ടിരുന്നു. എങ്കിലും എ 350യില്‍ പൈലറ്റുമാരുടെ തൊട്ടുപിന്നിലായുള്ള ജംപ് സീറ്റിലിരുന്ന് കൊണ്ട് 40 മിനിറ്റോളം നീണ്ട പറക്കൽ അദ്ദേഹം ആസ്വദിച്ചു.
എഫ്-16 ഫൈറ്റർ ജെറ്റ് പറത്തിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരനെന്ന റെക്കോർഡും രത്തൻ ടാറ്റയ്‌ക്ക് സ്വന്തമാണ്. 2007ൽ 69ാം വയസിലാണ് ലൈസൻസ്ഡ് പൈലറ്റായ അദ്ദേഹം എഫ്-16 പറത്തുന്നത്. 2013ൽ എയർഏഷ്യ ഇന്ത്യയെ കുറിച്ചുള്ള ആലോചനകൾ നടക്കുന്ന സമയത്ത് എയർഏഷ്യയുടെ ടോണി ഫെർണാണ്ടസിനൊപ്പം മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് അദ്ദേഹം വിമാനം പറത്തിയിരുന്നു. രത്തൻ ടാറ്റയെ പൈലറ്റാക്കി മാറ്റിക്കൊണ്ട് എയർഏഷ്യ ചെലവ് ചുരുക്കിയെന്നായിരുന്നു ഈ സംഭവത്തെ കുറിച്ച് ടോണി ഫെർണാണ്ടസ് പിന്നീട് ട്വീറ്റ് ചെയ്തത്.
1929ൽ ഇന്ത്യയുടെ ആദ്യ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ജെആർഡി ടാറ്റയായിരുന്നു എല്ലാക്കാലവും രത്തൻ ടാറ്റയുടെ പ്രചോദനം. ജെആർഡി ടാറ്റ ആരംഭിച്ച ടാറ്റ ഏവിയേഷൻ സർവീസസ് ആണ് ഇന്ത്യയിലെ ആദ്യത്തെ വിമാനക്കമ്പനി, അതായത് ഇന്നത്തെ എയർഇന്ത്യ. 1932ൽ കറാച്ചിയിൽ നിന്ന് മുംബൈയിലേക്കും, അവിടെ നിന്നും അഹമ്മദാബാദിലേക്കും ഒറ്റയ്‌ക്ക് വിമാനം പറത്തിക്കൊണ്ടാണ് ജെആർഡി ടാറ്റ ഇന്ത്യയുടെ വ്യോമഗതാഗതത്തിന് തുടക്കമിട്ടത്. 1933ൽ കറാച്ചി-മദ്രാസ് സർവീസും, അതിന് ശേഷം മുംബൈ-തിരുവനന്തപുരം സർവീസും ആരംഭിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം എയർലൈൻസിന്റെ 49 ശതമാനം ഓഹരി സർക്കാർ ഏറ്റെടുത്തു. ഇതോടെ ടാറ്റ ഏവിയേഷൻ സർവീസസ്, എയർഇന്ത്യ ഇന്റർനാഷണലായി മാറി. 1953ൽ വ്യോമയാനമേഖല ദേശസാത്കരിച്ചതോടെയാണ് എയർഇന്ത്യ പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായി മാറുന്നത്. 1978വരെ എയർഇന്ത്യയുടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്നതും ജെആർഡി ടാറ്റയാണ്. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം എയർഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ച് ഏറ്റെടുത്തത് ജെആർഡി ടാറ്റയ്‌ക്കുള്ള ഏറ്റവും വലിയ ആദരം കൂടിയായിരുന്നു.