പൂനെ: ഓഡി കാർ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. പൂനെയിലെ മുണ്ഡ്‌വ മേഖലയിലാണ് സംഭവം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ പോലീസ് പിടികൂടി. അപകടത്തിന് മുൻപ് പ്രതിയുടെ കാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടർന്നിയാൾ ഡെലിവറി ഏജന്റിന്റെ ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ഡെലിവറി ഏജന്റായ റൗഫ് ഷെയ്ഖിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓഡി കാർ ഡ്രൈവറായ ആയുഷ് തായലിനെ(34 ) പൊലീസ് അറസ്റ്റ് ചെയ്തു.ഇയാൾ അപകട സ്ഥലത്തുനിന്നു ഓടി രക്ഷപെടാൻ ശ്രമിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയുടെ കാർ തിരിച്ചറിഞ്ഞു. തുടർന്ന് ഹഡപ്‌സർ ഏരിയയിലെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടി.
ഈ വർഷം മെയിൽ പൂനെയിൽ ഉണ്ടായ പോർഷെ അപകടത്തിന് സമാനമാണ് ഈ കേസും. മദ്യലഹരിയിലായിരുന്ന 17 കാരൻ അമിതവേഗതയിൽ ഓടിച്ച പോർഷെ കാർ പാഞ്ഞുകയറി ബൈക്ക് യാത്രികരായ 24 കാരനായ അനീഷ് അവാധ്യയും സുഹൃത്ത് അശ്വിനി കോഷ്ടയും മരിച്ചിരുന്നു. സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് രക്ഷിതാക്കൾ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ചതോടെ കേസ് വലിയ വിവാദമായി മാറിയിരുന്നു.















