ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ആകാശത്ത് വട്ടമിട്ട് പറന്ന വിമാനം തിരിച്ചിറക്കി . സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ലാൻഡ് ചെയ്തത്. ഹൈഡ്രോളിക് സംവിധാനത്തിൽ പിഴവ് സംഭവിച്ചെന്നാണ് സൂചന.
ഇന്ന് വൈകിട്ട് 5.40 ഓടെ ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനമാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. അടിയന്തിര ലാൻഡിംഗിനായി വിമാനത്താവളത്തിൽ ആംബുലൻസ്, എയർഫോഴ്സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ടായിരുന്നു.
മുൻകരുതലിന്റെ ഭാഗമായി വിമാനത്തിന്റെ ഇന്ധനം തീർക്കാനുള്ള ശ്രമങ്ങളായിരുന്നു പൈലറ്റ് നടത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ട്രിച്ചി വിമാനത്താവള പരിസരം അതീവ ജാഗ്രതയിലാണെന്ന് അധികൃതർ അറിയിച്ചു.