തിരുവനന്തപുരം: മദ്യക്കുപ്പികൾക്ക് മുൻപിലിരിക്കുന്ന എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങൾ നാണക്കേടായതോടെ നടപടിയുമായി സിപിഎം നേതൃത്വം. ദൃശ്യങ്ങളിലുളള എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് നന്ദൻ വഞ്ചിയൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സഞ്ജയ് സുരേഷ് എന്നിവരെ ചുമതലകളിൽ നിന്ന് നീക്കി. ജില്ലാ പ്രസിഡന്റിന്റെ ചുമതല ജയകൃഷ്ണന് നൽകി.
സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. നേരത്തെയും തിരുവനന്തപുരത്ത് ജില്ലാ ചുമതല വഹിച്ചിരുന്ന നേതാക്കളെ ലഹരി ഉപയോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് എസ്എഫ്‌ഐക്ക് മാറ്റി നിർത്തേണ്ടി വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ ദൃശ്യങ്ങളും പുറത്തുവന്നത്. ഇതേ തുടർന്നാണ് സിപിഎം ജില്ലാ നേതൃത്വം തന്നെ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടി സ്വീകരിച്ചത്.
നന്ദൻ ജില്ലാ പ്രസിഡന്റ് ആകുന്നതിന് തൊട്ടുമുമ്പുള്ള ജിലാഭാരവാഹികളെയും മദ്യപാന വീഡിയോ പുറത്തുവന്നതിനെ തുടർന്നായിരുന്നു സിപിഎം നേതൃത്വം ഇടപെട്ട് പുറത്താക്കിയത്. പാർട്ടി സമ്മേളന കാലയളവിൽ വിദ്യാർത്ഥി സംഘടനാ നേതൃത്വത്തിലെ ലഹരി ഉപയോഗം പാർട്ടി നേതൃത്വത്തെയും സമ്മർദ്ദത്തിലാക്കിയിരുന്നു.
നേരത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനുളളിൽ നിന്നും ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോബിൻ ജോസ് എന്നിവരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവർ പുകവലിക്കുന്നതിന്റെയും മദ്യപാന സദസിൽ നിൽക്കുന്നതിന്റെയും ദൃശ്യങ്ങളായിരുന്നു ഇത്. ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയും സർക്കാരുമൊക്കെ പോരാടുന്നുവെന്ന് അവകാശപ്പെടുന്നതിനിടെയാണ് കുട്ടിസഖാക്കളുടെ ലഹരി വീഡിയോകൾ ഒന്നൊന്നായി പുറത്തുവരുന്നത്.















