മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികൾ ബാബാ സിദ്ദിഖിന്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റിൽ പിതാവും മകനും ഉണ്ടായിരുന്നതായും അക്രമികൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.
ശനിയാഴ്ച സിദ്ദിഖും മകനും ഒരു സ്ഥലത്ത് ഒരുമിച്ചെത്തുമെന്ന് അക്രമികൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്താനായിരുന്നു അക്രമികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ പദ്ധതി ചെയ്ത പ്രകാരം കാര്യങ്ങൾ നടന്നില്ലെങ്കിൽ ആദ്യം കാണുന്ന ആളെ കൊലപ്പെടുത്തണമെന്നും ഇവർക്ക് നിർദേശം ലഭിച്ചിരുന്നു. കുറ്റവാളികളുടെ ലിസ്റ്റിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
ശനിയാഴ്ച സീഷൺ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവച്ചാണ് ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടത്. സിദ്ദിഖിന്റെ പേഴ്‌സൺ സെക്യൂരിറ്റിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം അക്രമികൾ വെടിവയ്‌ക്കുകയായിരുന്നു. സംഭവത്തിൽ ഹരിയാന സ്വദേശിയായ ഗുർമാലി ബാൽജിത്, ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മരാജ് കശ്യപ് എന്നിവരും മറ്റൊരാളുമാണ് പിടിയിലായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.