മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ നടൻ സൽമാൻ ഖാന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി മുംബൈ പൊലീസ്. വൈ പ്ലസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ വാഹനത്തിന് മുന്നിലും പിന്നിലും പൊലീസ് എസ്കോർട്ടുകൾ ഉണ്ടായിരിക്കും.
എല്ലാ ആയുധങ്ങളും ഉപയോഗിക്കാൻ പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ സൽമാൻ ഖാനോടൊപ്പം എപ്പോഴും ഉണ്ടാകും. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, ലൊക്കേഷനിൽ ആ പ്രദേശത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെ വിന്യസിക്കും.
മഹാരാഷ്‌ട്രയിലെ പൻവേലിലുള്ള സൽമാൻ ഖാന്റെ ഫാം ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഫാം ഹൗസിന് അകത്തും പുറത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഫാംഹൗസിന് സമീപമുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കടത്തിവിടുക.
സൽമാന്റെ അടുത്ത സുഹൃത്തായിരുന്നു ബാബ സിദ്ദിഖ്. അതീവ സുരക്ഷാ സംവിധാനങ്ങൾ മറികടന്നാണ് മുംബൈയിലെ ഓഫീസിന് മുന്നിൽ വച്ച് ബാബ സിദ്ദിഖിനെ ബിഷ്ണോയ് സംഘം വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നും സൽമാൻ ഖാന് നിരവധി ഭീഷണികൾ നേരിട്ടിരുന്നു. ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് ലഭിച്ച വിവരമനുസരിച്ച് ബിഷ്ണോയ് സംഘത്തിന്റെ പ്രധാന ലക്ഷ്യം സൽമാൻ ഖാനാണ്. ഈ വിവരം പുറത്തുവന്നതോടെയാണ് താരത്തിന് സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്.