ന്യൂഡൽഹി: വീണ്ടും കെ റെയിൽ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി റെയിൽവേ വികസന പദ്ധതികൾ ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കെ റെയിലിന് പുറമെ ശബരിപാത അടക്കമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. പദ്ധതികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തല ചർച്ചകൾ നടത്താമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഏറെ കോളിളക്കവും വിവാദങ്ങളും സൃഷ്ടിച്ച പദ്ധതിയായിരുന്നു കെ റെയിൽ. പദ്ധതി നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങൾ പുറത്തുവന്ന ശേഷവും കെ റെയിലുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനിക്കുന്നത്. വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ സർവീസ് നടത്തുമ്പോഴും കെ റെയിൽ വേണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.