സിദ്ധു മൂസേവാലയുടെ കൊലപാതകത്തോടെയാണ് ഗ്യാങ് സ്റ്റാർ ലോറൻസ് ബിഷ്ണോയ് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. നടുറോഡിൽ പഞ്ചാബി ഗായകൻ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. പിന്നീട് അങ്ങോട്ട് നിരവധി കേസുകളിൽ ലോറൻസിന്റെ പേര് ഉയർന്നുകേട്ടു. ഏറ്റവും ഒടുവിൽ സൽമാൻ ഖാന് നേരെയുയർന്ന വധഭീഷണിയിലും.
പഞ്ചാബിലെ ഫെറോസ്പൂരിൽ 1993 ഫെബ്രുവരി 12-നാണ് ലോറൻസ് ബിഷ്ണോയിയുടെ ജനനം. പിതാവ് ഹരിനായ പൊലീസിലെ കോൺസ്റ്റബിളായിരുന്നു. 1997-ൽ ജോലിവിട്ട് കർഷകനായി. 12-ാം ക്ലാസുവരെ ബിഷ്ണോയ് അബോഹറിലാണ് പഠിച്ചത്. 2010 ൽ ചണ്ഡിഗഡിലെ ഡി.എ.വി കോളേജിൽ ചേർന്ന ലോറൻസ് 2011ൽ പഞ്ചാബ് യൂണിവേഴ്സിറ്റ് കാമ്പസ് സ്റ്റുഡൻ്റ്സ് കൗൺസിലിൽ എത്തിയതാണ് വഴിത്തിരിവായത്. ഇവിടെ വച്ച് അധോലോക നേതാവായ ഗോൾഡി ബ്രാറുമായി സൗഹൃത്തിലാകുന്നു.
യൂണിവേഴ്സിറ്റി രാഷ്‌ട്രയത്തിൽ ഇടപെട്ട് പതിയെ കുറ്റകൃത്യങ്ങളിലേക്ക് കടന്നു. എങ്കിലും എൽ.എൽ.ബി പൂർത്തിയാക്കാൻ ബിഷ്ണോയ്‌ക്ക് സാധിച്ചു. 2010-12 നും ഇടയ്‌ക്ക് കൊലപാതക ശ്രമം, പിടിച്ചുപറി,അതിക്രമിച്ചു കടക്കൽ, ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായി. വിദ്യാർത്ഥി രാഷ്‌ട്രീയത്തിന് വേണ്ടിയായിരുന്നു പല കേസുകളും. ചണ്ഡിഗഡിലെ ഏഴ് കേസുകളിൽ മൂന്നെണ്ണത്തിൽ വെറുതെ വിട്ടെങ്കിലും നാലെണ്ണം ഇപ്പോഴും പെൻഡിംഗിലാണ്.
ഈ സമയം ജയിലിലെത്തിയ ബിഷ്ണോയ് പ്രതികളുമായി ചങ്ങാത്തം കൂടി, ശൃംഖല വലുതാക്കി. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ആയുധ കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇതിനായി വലിയൊരു സംഘത്തെ തന്നെ സൃഷ്ടിച്ചു. 2013ൽ ബിരുദം നേടിയതിന് പിന്നാലെ മുക്തസറിലെ ഗവൺമെൻ്റ് കോളേജിലെ ജയിച്ച സ്ഥാനാർത്ഥിയെയും ലുഥിയാന മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ എതിരാളിയെയും വെടിവച്ചു കൊന്നു.
പിന്നീട് പലപ്പോഴും ഒളിവിൽ പോകേണ്ടി വന്നെങ്കിലും മദ്യ കച്ചവടത്തിലേക്കും കടന്നു. കൊലപാതകികൾക്ക് അഭയം നൽകി. ഇതിനിടെ രാജസ്ഥാൻ പൊലീസുമായി ഏറ്റുമുട്ടി.പിന്നീട് ജയിലിലേക്ക്. എന്നാൽ ഭരത്പൂർ ജയിലിൽ നിന്ന് ബിഷ്ണോയ് സിൻഡിക്കേറ്റ് നിയന്ത്രിച്ചു. 2021 ൽ തിഹാർ ജയിലേക്ക് മാറ്റി. ഇവിടെ വച്ച് MCOCA ചുമത്തി. 2023 ഓഗസ്റ്റിൽ ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. പിന്നീട് സബർമതി അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ലഹരികടത്തിനായിരുന്നു കസ്റ്റഡി.
2022-ൽ സിദ്ധു മൂസേവാലയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡ് താരം സൽമാന് നേരെ ലോറൻസ് ഗ്യാങിന്റെ ഭീഷണി സജീവമാകുന്നത്. 1998 കൃഷ്ണ മൃഗത്തെ വേട്ടയാടിയതിനാണ് ഗ്യാങ് സൽമാനെ ലക്ഷ്യം വയ്‌ക്കുന്നത്. അന്ന് ഈ സംഭവം നടക്കുമ്പോൾ ലോറൻസ് ബിഷ്ണോയ്‌ക്ക് അഞ്ചു വയസായിരുന്നു പ്രായം. രാജസ്ഥാനിലെ സിനിമ ചിത്രീകരണത്തിനിടെയാണ് സൽമാൻ കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്.