ന്യൂഡൽഹി: ഇന്ത്യയിൽ ഇസ്ലാമിക് വേരുകൾ പടർത്താനും രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കാനും നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് ഇഡി. ക്രൂരതകൾക്ക് പുറമേയാണ് ജിഹാദിലൂടെ ഇസ്ലാമിക രാജ്യം സൃഷ്ടിക്കാനുള്ള ശ്രമം. വിവിധ ട്രസ്റ്റുകളുടെയും കമ്പനികളുടെയും വ്യക്തികളുടെയും പേരിൽ പിഎഫ്ഐയ്‌ക്ക് 35 കോടിയിലധികം മൂല്യമുള്ള വസ്തുക്കളുണ്ടെന്നും അവ കണ്ടുകെട്ടിയതായും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറിയിച്ചു. സമൂഹ പ്രസ്ഥാനമെന്ന മുഖംമൂടി ധരിച്ച് തീവ്ര ഇസ്ലാമികത വളർത്തുകയാണ് പിഎഫ്ഐ എന്നും അന്വേഷണ ഏജൻസി ആരോപിച്ചു.
സംഘടനയുടെ പ്രതിഷേധരീതികൾ അക്രമ സ്വഭാവമുള്ളതാണ്. തെരുവ് നാടകങ്ങൾ, അഹിസാംപരമായ പ്രതിഷേധങ്ങൾ, മുഖ്യധാര ഇതര മാദ്ധ്യമങ്ങൾ എന്നിവ വഴി സമൂഹത്തിൽ അശാന്തിയും കലഹവും സൃഷ്ടിച്ച് ആഭ്യന്തര യുദ്ധം നടത്താനുള്ള പദ്ധതിയിലാണെന്നും ഇഡി ആരോപിക്കുന്നു. പിഎഫ്ഐ രാജ്യത്തിന്റെ ഐക്യവും പരമാധികാരവും അട്ടിമറിക്കാൻ ശ്രമിക്കുന്നു. സിവിൽ നിയമങ്ങൾ ലംഘിച്ചെന്നും സമാന്തര സർക്കാരുകൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഏജൻസി പറഞ്ഞു. തന്ത്രങ്ങൾ മെനഞ്ഞ് രാജ്യത്ത് അക്രമം അഴിച്ചുവിടാനും പിഎഫ്ഐ ശ്രമിക്കുന്നുവെന്നും ഇഡി പറഞ്ഞു.
ഫിസിക്കൽ എജ്യുക്കേഷൻ ക്ലാസുകളുടെ മറവിൽ പിഎഫ്ഐ യുവാക്കൾക്ക് ആയുധ പരിശീലനം നൽകി. മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കാൻ തീവ്ര പരിശീലനം നൽകി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും പരമാധികാരവും തകർക്കാനായി ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു. ഇതിനായി വിവിധയിടങ്ങളിൽ നിന്ന് മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിച്ചതായും ഇഡി കണ്ടെത്തി.
2020 ഫെബ്രുവരിയിലെ ഡൽഹി കലാപത്തിൽ അക്രമത്തിന് പ്രേരണ നൽകുന്നതിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിലും സജീവമായി പങ്കെടുത്തതിനും പിഎഫ്ഐക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സാമുദായിക സൗഹാർദ്ദം തകർക്കാനും വർഗീയ കലാപം ഉണ്ടാക്കാനും ഭീകരത പടർത്താനും ലക്ഷ്യമിട്ട് ഏതാനും വർഷങ്ങൾക്ക് മുമ്പ് പിഎഫ്ഐ, സിഎഫ്ഐ (പിഎഫ്ഐയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ) അംഗങ്ങൾ ഉത്തർപ്രദേശിലെ ഹത്രസ് സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. 2022 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പട്ന സന്ദർശന വേളയിൽ അക്രമം സൃഷ്ടിക്കാനായി പ്രത്യേക പരിശീല ക്യാമ്പ് സംഘടിപ്പിച്ചതായും ഇഡി കണ്ടെത്തി.
സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലർ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങളുണ്ട്. മഞ്ചേരിയിലുള്ള പിഎഫ്ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവർത്തനത്തിനുള്ള ഇടമാണെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന മുസ്ലീം പ്രവാസികൾക്കിടയിൽ നിന്ന് ഫണ്ട് സ്വരൂപീക്കാൻ പിഎഫ്ഐയുടെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ (DECs) പ്രവർത്തിക്കുന്നുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ ഭാഗമായി മൊത്തം 61.72 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായും 26 പിഎഫ്ഐ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ഒമ്പത് കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തതായി ഇഡി അറിയിച്ചു.
2006-ൽ കേരളത്തിലാണ് പിഎഫ്ഐ രൂപീകരിച്ചത്. ഡൽഹി ആസ്ഥാനമായാണ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ. പിഎഫ്ഐ സ്ഥാപനങ്ങൾക്കെതിരെ ഇഡിയും എൻഐഎയും മറ്റ് വിവിധ പൊലീസ് സേനകളും സംയുക്തമായി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ 2022 സെപ്റ്റംബറിൽ കേന്ദ്രം പിഎഫ്ഐ നിരോധിച്ചിരുന്നു.