ഇണകളെ ആകർഷിക്കാൻ നൃത്തം ചെയ്യുന്ന ആൺപക്ഷി. ഇത് കേൾക്കുമ്പോൾ മിക്കവരുടെയും മനസ്സിലേക്ക് എത്തുന്നത് മയിലാണ്. പീലികൾ വിടർത്തി അവ മനോഹരമായി നൃത്തം ചെയ്യുന്നു. എന്നാൽ മയിലുകൾ മാത്രമല്ല, മറ്റ് ചില പക്ഷികളും ഇണകളെ ആകർഷിക്കാൻ നൃത്തം ചെയ്യാറുണ്ട്. അതിലൊന്നാണ് വെസ്റ്റേൺ പരോട്ടിയ അല്ലെങ്കിൽ അർഫക് പരോട്ടിയ. ന്യൂ ഗിനിയയിൽ മാത്രമേ ഇവയെ കാണാൻ കഴിയൂ.
മരത്തിന്റെ ശാഖയിൽ ഇരിക്കുന്ന പെൺകിളിയെ ആകർഷിക്കാൻ വേണ്ടി നിലത്ത് വളരെ ശ്രദ്ധാപൂർവ്വം മനോഹരമായി നൃത്തം ചെയ്യുന്ന കിളിയാണ് വെസ്റ്റേൺ പരോട്ടിയ. നൃത്തം ചെയ്യുന്നതിന് മുൻപ് പ്രദേശം ആദ്യം വൃത്തിയാക്കും. നൃത്തം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ഇലകളും കമ്പുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം കൊത്തി പറക്കി മാറ്റും.
ആണിന് നല്ല കറുത്ത നിറമുള്ള തൂവലുകളാണ്. തലയിൽ ചെറിയ ഒരു ഭാഗം വെളുത്ത നിറം. തലയുടെ രണ്ട് ഭാഗത്ത് നിന്നും നീളത്തിൽ കുറേ തൂവലുകൾ. കഴുത്തിന്റെ ഭാഗത്തായി ഇളം മഞ്ഞ-പച്ച-വെളുപ്പ്-നീല നിറങ്ങൾ കലർന്ന ഒരു ഭാഗം. പെൺകിളികളെ ആകർഷിക്കാൻ തലയിലെയും കഴുത്തിന്റെ ഭാഗത്തെയും നിറങ്ങൾ മാറ്റാൻ ഇവയ്‌ക്ക് കഴിയും. ചിലപ്പോൾ വെളുത്ത നിറം, ചിലപ്പോൾ നീല, പച്ച, മഞ്ഞ എന്നിങ്ങനെ ബൾബ് കത്തുന്ന പോലെ നിറങ്ങൾ മാറ്റും. പെൺപക്ഷിക്ക് വെളുപ്പും ചാരവും കലർന്ന നിറമാണ്.
ആൺ കിളികളുടെ കണ്ണുകൾക്ക് നീല നിറമാണ്. നൃത്തം ചെയ്യുമ്പോൾ കണ്ണുകൾ മഞ്ഞ നിറമാകും. ഈ സമയം തന്നെ കഴുത്തും തലയുടെ മുകൾവശവും നിറം മാറും. തന്റെ ചിറകുകൾ കൊണ്ട് പ്രത്യേക രൂപം ഉണ്ടാക്കി ആദ്യം പെൺകിളികളുടെ ശ്രദ്ധ ഇവ പിടിച്ചു പറ്റും. പിന്നീടാണ് വൃത്തിയാക്കിയ നിലത്ത് നൃത്തം ചെയ്യാൻ ആരംഭിക്കുന്നത്.
തല താളത്തിന് കുലുക്കും. തലയിൽ ഉയർന്നുനിൽക്കുന്ന തൂവലുകൾ മനോഹരമായി ആടും. തൂവലുകൾ പാവാട ധരിച്ചിരിക്കുന്നത് പോലെ വിരിക്കും. കാലുകൾ ചുവടുകൾ വയ്‌ക്കും. അതിശയകരമായ നൃത്തം കണ്ട് പെൺ പക്ഷികൾ അടുത്തേക്ക് എത്തുമ്പോൾ ആൺപക്ഷി നിറം മാറ്റാൻ ആരംഭിക്കും. ഇങ്ങനെ പെൺ പക്ഷിയെ തന്നിലേക്ക് ആകർഷിക്കുന്നു.















