പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയിൽ ആളെക്കൂട്ടാൻ എത്തിച്ചവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളും. ഇവരെ ദിവസ ശമ്പളത്തിനാണ് റാലിക്ക് എത്തിച്ചത്. ഒരു മലയാളം ചാനലുമായി സംസാരിക്കുന്നതിനിടെ ചില സ്ത്രീകളാണ് ഇത് നിഷ്കളങ്കമായി വെളിപ്പെടുത്തിയത്. ഏജന്റ് പണം നൽകുന്നതനുസരിച്ചാണ് റാലിക്കെത്തിയതെന്നും ഇവർ വെളിപ്പെടുത്തി.
ഒരു ഗ്രൂപ്പിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകളായി റാലിക്ക് എത്തിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ ആളെക്കൂട്ടി കരുത്ത് തെളിയിക്കാൻ അൻവർ എം.എൽ.എ പണമൊഴുക്കുന്നുവെന്ന ആരോപണം ശക്തമായി. മാത്തൂരും പിരായിരിയും കേന്ദ്രീകരിച്ചാണ് റോഡ് ഷോ നടത്തിയത്. സ്ത്രീകളുടെ തുറന്നുപറച്ചിൽ അൻവറിനെതിരെയുള്ള തെളിവുകളുമായി.
എത്രകാലമായി അൻവറിന്റെ പാർട്ടിലുണ്ടെന്ന ചോദ്യത്തിന് കുറച്ചു കാലമായെന്നും വേറെ ഷൂട്ടിനൊക്കെ പോകാറുണ്ടെന്നുമായിരുന്നു സ്ത്രീയുടെ മറുപടി. ജൂനിയർ ആർട്ടിസ്റ്റല്ലെന്നും ഏജൻ്റ് വിളിച്ചിട്ടാണ് വരുന്നതെന്നും അവർ പറഞ്ഞു. കൊടുവായൂരിൽ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിനൊക്കെ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ഗുരുവായൂരമ്പല നടയിലും അഭിനയിച്ചിട്ടുണ്ട്. 500 രൂപമുതൽ 600 രൂപവരെ പ്രതിഫലമായി കിട്ടാറുണ്ടെന്നും ഇവർ പറയുന്നു.