വയനാട്: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ സ്ഥലം കണ്ടെത്തി സേവാഭാരതി. നൂൽപ്പുഴ ശ്രീനിലയത്തിൽ ശ്രീമതി എം കെ മീനാക്ഷിയുടെയും മൂന്ന് മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലമാണ് സേവാഭാരതി വാങ്ങിയത്. വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സാന്നിധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു. ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിതബാധിതർക്കായി പ്രവർത്തിച്ചുവരികയാണ്. സേവാഭാരതി പ്രവർത്തകർ ഗ്രാമവാസികളെ അവരുടെ താത്ക്കാലിക വാസസ്ഥലങ്ങളിൽ നേരിട്ട് സന്ദർശിക്കുകയും, അവർക്ക് ആവശ്യമുള്ള സഹായങ്ങൾ കൈമാറി വരികയും ചെയ്യുന്നുണ്ട്.
ദുരന്തമുണ്ടായതിന് പിന്നാലെ നൂറുകണക്കിന് പ്രവർത്തകർ മേഖലയിലേക്കെത്തി ഒരു മാസത്തോളം അവിടെ താമസിച്ച് സേവന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. 64ഓളം മൃതദേഹങ്ങൾ സേവാഭാരതി ഏറ്റെടുത്ത് സൗജന്യമായി സംസ്‌കരിച്ചിരുന്നു. ഇതിന് പുറമെ നിരവധി വോളന്റിയർമാരാണ് ദൈനംദിന സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരായത്. ദുരിതബാധിതർക്കുള്ള അവശ്യവസ്തുക്കളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാൻ സേവാഭാരതിയുടെ പ്രവർത്തകർ മുന്നിട്ടിറങ്ങി പ്രവർത്തിച്ചു. നിലവിൽ ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് വീടുകൾ വച്ച് നൽകാനുള്ള ശ്രമങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്നും വക്താക്കൾ അറിയിച്ചു.