ലേശം കയ്പ്പ് കലർന്നിട്ടുണ്ടെങ്കിലും പോഷകസമ്പന്നമാണ് ഉലുവ. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളെ പിടിച്ചു കെട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവയാണ് ഉലുവ. ഇരുമ്പ്, മഗ്നീഷ്യം,മാംഗനീസ്, വിറ്റാമിൻ ബി6, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ഉലുവ. ആൻ്റി-ഓക്സിഡൻ്റ്, ആൻ്റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ചർമസംരക്ഷണത്തിനും കേശസംരക്ഷണത്തിനും ഉലുവ കാലങ്ങളായി ഉപയോഗിക്കുന്നു. ഉലുവ പോലെ തന്നെ ഗുണങ്ങളുള്ളതാണ് ഉലുവ മുളപ്പിച്ചതെന്നും ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യനായ സുഷ്മ പി.എസ് പറയുന്നു. മുളപ്പിച്ച ഉലുവ കഴിക്കുന്നത് വഴി ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചറിയാം..
- ഇതിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തിന് നല്ലതാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഉലുവ മുളപ്പിച്ചത്.
- ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഇത് പരീക്ഷിക്കാം. മുളപ്പിക്കുമ്പോൾ ഇതിലെ നാരുകൾ വർദ്ധിക്കുന്നു. വെള്ളത്തിൽ ലയിക്കുന്ന നാരുകളായ ഗാലക്റ്റോമനൻ വയർ നിറഞ്ഞുവെന്ന തോന്നലുണ്ടാക്കുന്നു. അമിത വിശപ്പിനെ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു.
- പ്രമേഹ രോഗികൾക്ക് കണ്ണും പൂട്ടി ഉലുവ മുളപ്പിച്ചത് കഴിക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിനെ കുറയ്‌ക്കാൻ ഇതിന് സാധിക്കുന്നു.
- കൊളസ്ട്രോൾ കുറയ്‌ക്കാനും മുളപ്പിച്ച ഉലുവ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
- ആർത്തവ ക്രമക്കേടുകൾക്കും ഹോർമോൺ വ്യതിയാനത്തിനും മുളപ്പിച്ച ഉലുവ സഹായിക്കുന്നു.
- വിറ്റാമിൻ സി ധാരാളമായി മുളപ്പിച്ച ഉലുവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
- കാൽസ്യത്തിന്റെ കലവറയായതിനാൽ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്.
വേവിക്കാത്ത മുളപ്പിച്ച ഉലുവ കഴിക്കുന്നത് നന്നല്ല. ഇങ്ങനെ കഴിച്ചാൽ ബാക്ടീരിയൽ സാന്നിധ്യം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കഴുകി, ആവിയിൽ വേവിച്ച് കഴിക്കുന്നതാകും ഉത്തമം. ഉലുവ ഗർഭാശയത്തെ ഉത്തേജിപ്പിക്കുന്നതിനാൽ ഗർഭിണികൾ ഇത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഉലുവ അമിതമായാൽ വയർ വീർക്കൽ, ഗ്യാസ് തുടങ്ങിയവയ്‌ക്ക് കാരണമാകും.















