ന്യൂഡൽഹി: ബഹിരാകാശ, റെയിൽ മേഖലകളെ ശക്തിപ്പെടുത്താൻ കേന്ദ്രം. റെയിൽവേയ്‌ക്ക് 6,798 കോടി രൂപയും ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) 6,798 കോടി രൂപയുടെ രണ്ട് റെയിൽവേ പദ്ധതികൾക്കാണ് അനുമതി നൽകിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാർ എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിലാകും പദ്ധതികൾ യാഥാർത്ഥ്യമാക്കുക. ഇവ റെയിൽവേ ശൃംഖലയെ ഏകദേശം 313 കിലോമീറ്റർ വികസിപ്പിക്കും.
യാത്രക്കാർക്ക് ഗുണമേകുന്നതിന് പുറമേ ചരക്കുനീക്കവും ഇത് സുഗമമാക്കും. നേപ്പാളിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള കണക്ടിറ്റിവിറ്റി മെച്ചപ്പെടുത്താൻ പുതിയ റെയിൽ പദ്ധതി സഹായകമാകും. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. 168 ഗ്രാമങ്ങളെയാകും ഇത് ബന്ധിപ്പിക്കുക. ഏകദേശം 12 ലക്ഷത്തോളം പേർക്ക് പ്രയോദനം ലഭിക്കും.
സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാനാണ് 1,000 കോടി രൂപയുടെ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുന്നതിന് അംഗീകാരം നൽകിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിക്ഷേപ അവസരങ്ങളും ഫണ്ടിന്റെ ആവശ്യതകളും പരിഗണിച്ച് പ്രതിവർഷം ശരാശരി 150 മുതൽ 250 കോടി രൂപ വരെ വിനിയോഗിക്കും. ഏകദേശം 40 സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വരുന്ന പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അഞ്ച് മടങ്ങ് വികസിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ മേഖലയിലും വളർച്ച ത്വരതിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം IN-SPAce സ്ഥാപിച്ചു. ഇതിന് കീഴിലാകും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിന്റെ പ്രവർത്തനം.















