ന്യൂഡൽഹി: ഇറാനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സംയമനം പാലിക്കണമെന്നും പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്നതിലും മധ്യേഷ്യയിലെ സ്ഥിതിയിലും വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ചർച്ചകളുടെയും നയതന്ത്രങ്ങളുടെയും പാതയിലേക്ക് രാജ്യങ്ങൾ മടങ്ങണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ യുദ്ധം ആർക്കും ഗുണം ചെയ്യില്ല. നിരപരാധികളായ ബന്ദികളും ജനങ്ങളും മാത്രമായിരിക്കും കെടുതികൾ അനുഭവിക്കുകയെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം സ്ഫോടനവും നടന്നു. ഇറാന്റെ ഭാഗത്ത് നിന്നുള്ള തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കി.
ജനവാസ മേഖലകൾ ലക്ഷ്യമിട്ടിട്ടില്ലെന്നും ഇറാൻ സൈനിക ക്യാമ്പുകളെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ വ്യോമാക്രമണമാണിതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിനതിരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ഇതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു.