ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള കരകൗശല വസ്തുക്കൾ പുടിനും, മഹാരാഷ്‌ട്രയിൽ നിന്നുള്ള കരകൗശല വസ്തുക്കൾ ഇറാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾക്ക് പ്രധാനമന്ത്രി സമ്മാനിച്ചു.
ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ നിന്നുള്ള പരമ്പരാഗത സൊഹ്രായ് പെയിന്റിങ് ആണ് പുടിന് സമ്മാനിച്ചത്. പ്രകൃതിദത്തമായ നിറങ്ങളാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിന് പുറമെ വൈക്കോലുകൾ കൊണ്ടുള്ള ബ്രഷ് അല്ലെങ്കിൽ വിരലുകൾ ഉപയോഗിച്ചാണ് ഇവ വരയ്‌ക്കുന്നത്. മൃഗങ്ങളേയും പക്ഷിമൃഗാദികളെയുമാണ് പൊതുവെ ഇവയിലൂടെ ചിത്രീകരിക്കുന്നത്. കാർഷിക ജീവിതശൈലിയും, ഗോത്ര സംസ്‌കാരത്തിൽ വന്യജീവികളോടുള്ള ആദരവുമെല്ലാമാണ് ഇവയിലൂടെ പ്രതിഫലിപ്പിക്കുന്നത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് മദർ ഓഫ് പേൾ സീഷെൽ വെയ്‌സ് ആണ് പ്രധാനമന്ത്രി സമ്മാനമായി നൽകിയത്. മഹാരാഷ്‌ട്രയിലെ തീരദേശവാസികളായ കരകൗശല തൊഴിലാളികളിലാണ് ഇത്തരം പാത്രങ്ങൾ നിർമ്മിക്കുന്നത്. ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത് മിർസിയോവിന് വാർലി പെയിന്റിങ് ആണ് പ്രധാനമന്ത്രി സമ്മാനിച്ചത്.
ഏകദേശം 5000 വർഷത്തോളം ഈ ചിത്രകലാരീതിക്കുണ്ടെന്നാണ് കരുതപ്പെടുന്നത്. മഹാരാഷ്‌ട്രയിലെ വാർലി ഗോത്രത്തിൽ നിന്നാണ് ഇതിന്റെ ഉത്ഭവം. ജ്യാമിതീയ രൂപങ്ങളാണ് ഓരോ രൂപവും ചിത്രീകരിക്കാൻ ഉപയോഗിക്കുന്നത്. പ്രകൃതി, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ ചിത്രീകരിക്കുന്നു. 2014ൽ ഇതിന് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗും ലഭിച്ചു.