സിനിമാ ടൈറ്റിൽ ലോഞ്ചിൽ ശ്രദ്ധേയനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കെ സി ബിനു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം നാൾ വെള്ളിയാഴ്ച എന്ന ടൈറ്റിൽ ലോഞ്ചിലാണ് സുരേഷ് ഗോപി പങ്കാളിയായത്. സ്റ്റേജിൽ സാധാരണക്കാരനായി നിലത്തിരുന്നാണ് കേന്ദ്രമന്ത്രി സംസാരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചാണ് പരിപാടി നടന്നത്.
ഏറെ നേരം അദ്ദേഹം നിലത്തിരുന്ന് സംസാരിച്ചു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് സദസിലുണ്ടായിരുന്നത്. പരിപാടിയിൽ പങ്കെടുത്തവർ പകർത്തിയ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഭാരത് ഭവനിൽ ചെമ്മാങ്കുടി സ്മൃതി ഹാളിൽ, തിരുവനന്തപുരം ഫിലിം ഫ്രെറ്റേർണിറ്റിയും മ്യൂസിക് ഫ്രെറ്റേർണിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
സുരേഷ് ഗോപിയുടെ അനുഗ്രഹാശിസ്സുകളോടെ നിർമാതാവ് സുരേഷ്‌കുമാർ, ദിനേശ് പണിക്കർ, സംവിധായകൻ പ്രമോദ് പയ്യന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു. നിരവധി പുതുമുഖങ്ങൾ ഉൾപ്പെടെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ചിത്രത്തിൽ ഗായിക നഞ്ചിയമ്മ പാടിയ പാട്ടാണുള്ളത്. മ്യൂസിക് ഷിജി കണ്ണൻ, ബിജിഎം റോണി റാഫേൽ, സൗണ്ട് എഫക്ട്സ് രാജ് മാർത്താണ്ഡം, പി ആർ ഓ വാഴൂർ ജോസ്.
കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ത്രില്ലർ ചിത്രമാണ് അഞ്ചാം നാൾ വെള്ളിയാഴ്ച. നിർമാതാവ് രഞ്ജിത്, സംവിധായകൻ സുരേഷ് ബാബു, ആരോമ മോഹൻ തുടങ്ങി നിരവധി ചലച്ചിത്ര പ്രമുഖർ പങ്കെടുത്തു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ടതാണ്. ചിത്രം ജനുവരിയിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.