തിരുവനന്തപുരം; 30,000 രൂപയുടെ പടക്കം വാങ്ങിയ ശേഷം പണം ചോദിച്ചപ്പോൾ അക്രമിച്ചതായി പരാതി. തിരുവനന്തപുരം ചന്തവിളയിൽ കിൻഫ്രയ്‌ക്ക് സമീപമുളള പടക്ക കടയിലായിരുന്നു സംഭവം. പ്രദേശവാസികളായ സനീഷ്, ഷെഫീഖ്, ജാഫർ എന്നിവരാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
കടയുടമയായ കണിയാപുരം സ്വദേശി അതുൽ എസ് നായരാണ് പരാതി നൽകിയത്. തന്നെയും സുഹൃത്ത് സാദിഖിനെയും കടയ്‌ക്കുള്ളിൽ കയറി ഹെൽമറ്റ് കൊണ്ട് തലയ്‌ക്ക് അടിക്കുകയും നട്ടെല്ലിൽ ചവിട്ടുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. 30,000 രൂപ വില മതിക്കുന്ന സാധനങ്ങൾ ഇവർ വാങ്ങി. പണം ചോദിച്ചപ്പോഴായിരുന്നു അക്രമമെന്നും പരാതിയിൽ പറയുന്നു.
ഹെൽമറ്റ് വച്ചുളള ആക്രമണത്തിൽ തന്റെ മുഖത്ത് പരിക്കേറ്റതായും അതുൽ പരാതിയിൽ പറയുന്നു. ദീപാവലി പ്രമാണിച്ച് കടയിൽ പുതിയ സ്‌റ്റോക്കുകൾ എത്തിയിരുന്നു. ഇതാണ് അക്രമികൾ എടുത്തുകൊണ്ടുപോയത്.















