ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകൾ ഇല്ലാതാക്കാനും തുരങ്കം വയ്ക്കാനുമുള്ള ശ്രമങ്ങളാണ് നടന്നതെന്നും, ഏറെക്കാലം അദ്ദേഹത്തിന് ഭാരതരത്‌നം ലഭിക്കാതെ പോയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞു. പട്ടേലിന്റെ ജന്മവാർഷികത്തിന് മുന്നോടിയായി ‘റൺ ഫോർ യൂണിറ്റി’ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
“550 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതും രാജ്യം ഒരുമിച്ചതും രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയുടെ ദീർഘവീക്ഷണവും വിവേകവും മൂലമാണ്. ലക്ഷദ്വീപ് ദ്വീപുകൾ, ജുനഗർ, ഹൈദരാബാദ് തുടങ്ങി എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയുമായി ലയിപ്പിച്ചത് സർദാർ പട്ടേൽ കാരണമാണ്. എന്നാൽ സർദാർ പട്ടേൽ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളെ ഇല്ലാതാക്കാനും തുരങ്കം വയ്‌ക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഭാരതരത്‌നയും ദീർഘകാലത്തേക്ക് നിഷേധിക്കപ്പെട്ടു” അമിത് ഷാ പറഞ്ഞു.
“1950-ൽ അദ്ദേഹം മരിച്ച് 41 വർഷങ്ങൾക്ക് ശേഷമാണ് 1991-ൽ മരണാനന്തരം സർദാർ പട്ടേലിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകി ആദരിച്ചത്. ഇന്ത്യ ഇപ്പോൾ ലോകത്തിന് മുന്നിൽ അഭിവൃദ്ധി പ്രാപിക്കുന്ന വികസ്വരവും ശക്തവുമായ രാഷ്‌ട്രമായി നിലകൊള്ളുന്നു. അതിന്റെ അടിത്തറ പാകിയത് സർദാർ പട്ടേലാണ്. സർദാർ പട്ടേലിന്റെ മഹത്തായ ആശയങ്ങൾ തീർച്ചയായും രാജ്യത്തെ യുവതലമുറയ്‌ക്ക് വഴികാട്ടിയായി മാറും”. ആഭ്യന്തരമന്ത്രി പറഞ്ഞു
റൺ ഫോർ യൂണിറ്റി’യിലൂടെ ഇന്ത്യയുടെ ഐക്യം ശക്തിപ്പെടുത്താനും 2047-ഓടെ സമ്പൂർണ വികസിത ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാനും പ്രതിജ്ഞയെടുക്കാനും ഷാ പൗരന്മാരോട് ആഹ്വാനം ചെയ്തു.
“പട്ടേലിന്റെ ജന്മവാർഷികമായ ഒക്ടോബർ 31നാണ് സാധാരണഗതിയിൽ ‘റൺ ഫോർ യൂണിറ്റി’ സംഘടിപ്പിക്കുന്നത്. എന്നാൽ ഈ വർഷം ദീപാവലി ആ ദിവസം വരുന്നതിനാൽ രണ്ട് ദിവസം മുമ്പാണ് ഇത് സംഘടിപ്പിച്ചത്” മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.
ഇന്ത്യയെ ഏകീകരിച്ചതിൽ സർദാർ പട്ടേലിന്റെ സംഭാവനകൾ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ ദേശീയ ഐക്യദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന് നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികം 2024 മുതൽ 2026 വരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ രാജ്യവ്യാപകമായി സർക്കാർ അനുസ്മരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഷാ പ്രഖ്യാപിച്ചിരുന്നു.
2024 ഒക്‌ടോബർ 29-ന് ന്യൂഡൽഹിയിലെ മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ നടന്ന ‘റൺ ഫോർ യൂണിറ്റി’യുടെ ഫ്ലാഗ്-ഓഫിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന, കായിക മന്ത്രി മൻസുഖ് എൽ മാണ്ഡവ്യ എന്നിരും പങ്കെടുത്തു .